ഇന്ത്യാഗേറ്റിന് മുന്നിൽ പ്രതിഷേധവുമായി റഷ്യൻ സൈന്യത്തിൽ കുടുങ്ങിയ പട്ടാളക്കാരുടെ കുടുംബാംഗങ്ങൾ
national news
ഇന്ത്യാഗേറ്റിന് മുന്നിൽ പ്രതിഷേധവുമായി റഷ്യൻ സൈന്യത്തിൽ കുടുങ്ങിയ പട്ടാളക്കാരുടെ കുടുംബാംഗങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th August 2024, 4:52 pm

ജലന്ധർ: രാജ്യം എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇന്ത്യാഗേറ്റിന് മുന്നിൽ പ്രതിഷേധവുമായി റഷ്യൻ സൈന്യത്തിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷിതാക്കൾ. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു കൂട്ടം മനുഷ്യരാണ് ഇന്ത്യ ഗേറ്റിന് മുന്നിലുള്ള റഷ്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

തിങ്കളാഴച ഡൽഹിയിൽ എത്തിയ പത്തോളം യുവാക്കളുടെ കുടുംബാംഗങ്ങൾ ഇന്ത്യ ഗേറ്റിനും റഷ്യൻ എംബസിക്കും മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഈ മാസം ആദ്യം വരെ എട്ട് ഇന്ത്യൻ പൗരന്മാർ യുദ്ധമുഖത്ത് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതെ സമയം 69 പേർ റഷ്യൻ സൈന്യത്തിൽ നിന്ന് നാട്ടിലേക്ക് വരാൻ നിൽക്കുകയാണ്.

അടുത്തിടെ ഹരിയാന സ്വദേശിയായ യുവാവും റഷ്യയിൽ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണം റഷ്യൻ എംബസി സ്ഥിരീകരിച്ചിരുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, കേരളം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് നൂറോളം യുവാക്കൾ റഷ്യൻ സൈന്യത്തിൽ ചേരാൻ ചെല്ലുകയും കബളിപ്പിക്കപ്പെട്ടെന്നും ഈ വർഷം മാർച്ചിൽ റിപ്പോർട്ട് വന്നിരുന്നു. പുറത്ത് വന്ന റിപ്പോർട്ട് കുടുംബാംഗങ്ങളിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

സൈന്യത്തിൽ ചേരാനെത്തിയ പലർക്കും വേണ്ടത്ര പരിശീലനം നൽകാതെ റഷ്യൻ സൈന്യം അവരെ യുദ്ധമുഖത്തേക്ക് അയക്കുകയായിരുന്നു. യുദ്ധമുഖത്തെത്തിയതോടെ അവർക്ക് പരസ്പരം ബന്ധമില്ലാതായി.

തങ്ങളെ പ്രലോഭിപ്പിച്ച് സൈന്യത്തിൽ ചേർക്കുകയായിരുന്നെന്നും കബളിപ്പിക്കപ്പെട്ടെന്നും റഷ്യയിൽ കുടുങ്ങിയ പലരും പറഞ്ഞിട്ടുണ്ട്. സൈന്യത്തിൽ ചേരുന്നതിന് പകരമായി റഷ്യൻ പൗരത്വവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നതായി അവർ കൂട്ടിച്ചേർത്തു.

റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിതനായ മൻദീപ് കുമാറിന്റെ സഹോദരൻ ജഗ്ദീപ് കുമാറാണ് റഷ്യൻ എംബസിയിലും ഇന്ത്യാ ഗേറ്റിലും പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. പഞ്ചാബിലെ ജലന്ധർ ജില്ലയിലെ ഗോരായ പട്ടണത്തിൽ നിന്നുള്ളയാളാണ് മൻദീപ്.

 

‘ഇന്ന് ഉച്ചകഴിഞ്ഞ്, ചില എംബസി ഉദ്യോഗസ്ഥരെ കാണാൻ അനുവദിക്കണമെന്ന് അപേക്ഷിച്ച് ഞങ്ങൾ ഡൽഹിയിലെ റഷ്യൻ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. പക്ഷെ അവർ ഞങ്ങളെ ആരെയും കാണാൻ അനുവദിച്ചില്ല. ഇന്ത്യാ ഗേറ്റിലും റഷ്യൻ എംബസിയിലും ഞങ്ങൾ നിശബ്ദ പ്രതിഷേധം നടത്തി,’ ജഗ്ദീപ് പറഞ്ഞു

തങ്ങളുടെ ഇഷ്‌ടത്തിന് വിരുദ്ധമായി യുദ്ധമുഖത്ത് പോരാടുന്ന 15 യുവാക്കളുടെ പട്ടികയും കുടുംബങ്ങൾ പങ്കിട്ടു. തങ്ങളുടെ മക്കളെ റഷ്യൻ സൈന്യത്തിൽ നിന്ന് തിരികെ കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് അവർ മോദി സർക്കാരിനോട് ആവശ്യപ്പെട്ടു.

മോദി വാക്ക് പാലിക്കണമെന്നും ദുരിതബാധിതരായ എല്ലാ കുടുംബങ്ങളെയും ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണമെന്നും പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ജഗ്ദീപ് ദി വയറിനോട് പറഞ്ഞു .

 

മണിക്കൂറുകളോളം ഷിഫ്റ്റുകൾ ഉണ്ടെന്നും ഓരോ ദിവസവും കഷ്ടിച്ചുള്ള ഭക്ഷണം മാത്രമേ അവർക്ക് ലഭിക്കുന്നുള്ളൂ എന്നും ബന്ധുക്കൾ പറഞ്ഞു. നേരത്തെ തങ്ങളുടെ ബന്ധുക്കളെ വാട്ട്‌സ്ആപ്പിൽ വീഡിയോ കോൾ സാധിച്ചിരുന്നെന്നും എന്നാൽ ഇപ്പോൾ അതിന് കഴിയുന്നില്ലെന്നും അവർ പറഞ്ഞു.

91 ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോർട്ട്. ഇതിൽ എട്ട് പേർ മരിച്ചു. 69 പേർ സൈന്യത്തിൽ നിന്ന് വിരമിക്കൽ കാത്ത് നിൽക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് 2024 ഓഗസ്റ്റ് 1 ന് പാർലമെൻ്റിനെ അറിയിച്ചിരുന്നു.

 

Content Highlight: Families of Men Trapped in Russian Army Protest At India Gate, Outside Russian Embassy