ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മരണപ്പെട്ട സൈനികരുടെ കുടുംബം. സൈനികരായ ഭഗീരഥിന്റെ പിതാവ് പരശുറാം, ജീഥാറാമിന്റെ സഹോദരന്‍ വിക്രം, രോഹിതാഷിന്റെ സഹോദരന്‍ ജിതേന്ദ്ര, സുദീപ് ബിശ്വാസിന്റെ പിതാവ് സന്യാസി ബിശ്വാസ് ബബ്ലു സാന്ദ്രയുടെ മാതാവ് ബോണോമല സാന്ദ്ര എന്നിവരാണ് ദ വയറിനോടും ടെലഗ്രാഫിനോടും തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചത്.
നേരത്തെ തന്നെ ഇതില്‍ ഒരുപാട് ചോദ്യങ്ങള്‍ മനസിലുണ്ടായിരുന്നുവെന്ന് പരശുറാം ദ വയറിനോട് പറഞ്ഞു.
‘2019 ഫെബ്രുവരി 14 മുതല്‍ നിരവധി ചോദ്യങ്ങള്‍ എന്നെ അലട്ടിയിരുന്നു. അത് സാധൂകരിക്കുന്നതാണ് സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍. സര്‍ക്കാരിന്റെ നേതൃത്വത്തിലുണ്ടായ രാഷ്ട്രീയ സ്റ്റണ്ട് ആയിരുന്നു പുല്‍വാമ ആക്രമണം.
ഇത് അധികാരത്തിന് വേണ്ടി ചെയ്തതാണെന്ന് 100 ശതമാനവും എനിക്ക് ഉറപ്പുണ്ട്. രണ്ടാമതും കസേര ലഭിക്കാന്‍ വേണ്ടി മോദി സര്‍ക്കാര്‍ ചെയ്തതാണിത്,’ അദ്ദേഹം പറഞ്ഞു.
എങ്ങനെയാണ് 300 കിലോയോളം സ്‌ഫോടക വസ്തുക്കള്‍ വഹിച്ചുകൊണ്ട് വന്ന വാഹനത്തിന് ജവാന്മാര്‍ സഞ്ചരിച്ച വാഹനത്തില്‍ അപകടമുണ്ടാക്കാന്‍ സാധിച്ചതെന്ന് പരശുറാം ചോദിച്ചു.
ഈ സമയത്തൊക്കെ പ്രധാനമന്ത്രി എവിടെയായിരുന്നുവെന്നും ഉറങ്ങുകയായിരുന്നോവെന്നും അദ്ദേഹം ചോദിക്കുന്നു.
സൈനികന്‍ ജീഥാറാമിന്റെ സഹോദരന്‍ വിക്രമും സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഇപ്പോഴും സഹോദരന്റെ വിയോഗത്തിലാണ് കുടുംബം. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ അതിന്റെ വേദന മനസിലാകുകയുള്ളൂ.
സംഭവം നടന്ന സമയത്ത് തന്നെ മാലിക്ക് ഈ കാര്യങ്ങള്‍ പറയണമായിരുന്നു,’ വിക്രം പറഞ്ഞു.
‘സൈനികരുടെ ജീവനില്‍ എനിക്ക് ആശങ്കയുണ്ട്. പുല്‍വാമയിലെ സൈനികര്‍ക്ക് സംഭവിച്ചത് ഇനി ആര്‍ക്കും സംഭവിക്കരുത്. സൈനികരുടെ വിമാനം വേണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ തള്ളിക്കളയരുതായിരുന്നു. സൈനികര്‍ ആവശ്യപ്പെടുന്നത് ക്രമീകരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്,’ രോഹിതാഷിന്റെ സഹോദരന്‍ ജിതേന്ദ്ര പറഞ്ഞു.
‘ഈ നാല് വര്‍ഷത്തിനിടയില്‍, സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചകളെക്കുറിച്ച് ഞാന്‍ ധാരാളം കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ വ്യക്തമായ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല’, സുദീപിന്റെ പിതാവ് സന്യാസി ബിശ്വാസ് ദ ടെലഗ്രാഫിനോട് പറഞ്ഞു.
അതേസമയം കേന്ദ്രം കാര്യം വിശദീകരിക്കണമെന്ന് ബോണോമല സാന്ദ്രയും ആവശ്യപ്പെട്ടു.
പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ച മറച്ചുവെക്കാനായി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് കാരണം ആഭ്യന്തര മന്ത്രാലയത്തിന്റെ നിരുത്തരവാദ സമീപനമാണെന്നും സൈനികരെ കൊണ്ട് പോകാന്‍ സി.ആര്‍.പി.എഫ് എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തര മന്ത്രാലയം നിരസിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടക്കുന്ന അഴിമതിയില്‍ പ്രശ്നമുള്ളയാളല്ല നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം നരേന്ദ്ര മോദി സര്‍ക്കാരിനെന്ന് മുന്‍ കരസേന മേധാവി ജനറല്‍ ശങ്കര്‍ റോയ് ചൗധരിയും ആരോപിച്ചിരുന്നു. ഇന്റലിജന്‍സ് വിഭാഗത്തിന്റെ വീഴ്ചയാണ് ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നും വീഴ്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാന്‍ കഴിയില്ലെന്നും ദി ടെലഗ്രാഫ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
2019ലെ പുല്‍വാമ ആക്രമണത്തില്‍ 40 ജവാന്‍മാരാണ് കൊല്ലപ്പെട്ടത്.
CONTENT HIGHLIGHT: FAMILIES OF JAWAN KILLED IN PULWAMA ATTACK AGAINST MODI GOVERNMENT