World News
'24 മണിക്കൂര്‍ സമയം തരും'; ഗസയില്‍ വൈദ്യുതി പുനഃസ്ഥാപിക്കണമെന്ന് നെതന്യാഹുവിനോട് ഇസ്രഈല്‍ ബന്ദികളുടെ കുടുംബങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 11, 10:24 am
Tuesday, 11th March 2025, 3:54 pm

ടെല്‍ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗസയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച തീരുമാനം പിന്‍വലിക്കണമെന്ന് ഇസ്രഈലി ബന്ദികളുടെ കുടുംബങ്ങള്‍. തീരുമാനം പിന്‍വലിക്കാന്‍ ബന്ദികളുടെ കുടുംബങ്ങള്‍ നെതന്യാഹുവിന് 24 മണിക്കൂര്‍ സമയവും നല്‍കി.

തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നെതന്യാഹു, വിദേശകാര്യമന്ത്രി ഗിഡിയന്‍ സാര്‍, ഊര്‍ജമന്ത്രി എലി കോഹന്‍ എന്നിവര്‍ക്ക് ബന്ദികളുടെ കുടുംബാംഗങ്ങള്‍ സംയുക്തമായി കത്തയക്കുകയാണ് ചെയ്തത്. കത്തില്‍ ഒപ്പിട്ടവരുടെ പേരുകള്‍ വ്യക്തമല്ല.

ഗസയിലെ വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കുടുംബങ്ങള്‍ അറിയിച്ചു.

ഗസയില്‍ ഇനിയും വൈദ്യുതി തടസപ്പെട്ടാല്‍ അത് തങ്ങളുടെ വേണ്ടപ്പെട്ടവരെ കൂടി ബാധിക്കും. വൈദ്യുതി തടസം ബന്ദികള്‍ക്കിടയില്‍ രോഗങ്ങള്‍ വ്യാപിക്കുന്നതിന്  കാരണമാകുമെന്നും കുടുംബങ്ങള്‍ നേതാക്കളെ അറിയിച്ചു.

നേരത്തെ ഒരു സാധാരണ ജനതയെ കൂട്ടമായി ശിക്ഷിക്കുന്നത് മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും ഇത് മാനുഷികാഘാതം വര്‍ധിപ്പിക്കുമെന്നും ഇസ്രഈലിന്റെ പ്രവര്‍ത്തിയില്‍ അപലപിച്ച് സഹായ ഏജന്‍സികളും മനുഷ്യാവകാശ സംഘടനകളും പ്രതികരിച്ചു. ഇസ്രഈലിന്റെ തീരുമാനത്തില്‍ ഐക്യരാഷ്ട്ര സംഘടനയും പ്രതികരിച്ചിരുന്നു.

ഞായറാഴ്ചയാണ് ഗസയിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രഈല്‍ നിര്‍ത്തിവെച്ചത്. മാര്‍ച്ച് രണ്ടിന് വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് പിന്നാലെ ഗസയിലേക്കുള്ള ചരക്ക് നീക്കം ഉള്‍പ്പെടെ ഇസ്രഈല്‍ നിര്‍ത്തിവെച്ചിരുന്നു.

വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം നീട്ടാനും കൂടുതല്‍ തടവുകാരെ മോചിപ്പിക്കാനുമായി ഹമാസില്‍ സമ്മര്‍ദം ചെലുത്താനുള്ള ഇസ്രഈല്‍ ശ്രമത്തിന്റെ ഭാഗമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തിനായുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള സന്നദ്ധത ഹമാസ് പലതവണ ആവര്‍ത്തിച്ചപ്പോള്‍, ആദ്യഘട്ടം കൂടുതല്‍ ദിവസത്തേക്ക് നീട്ടി കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രഈല്‍ ശ്രമിച്ചത്. യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണം എന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചത്.

Content Highlight: Families of Israeli hostages ask Netanyahu to restore electricity to Gaza