World News
'ഹമാസുമായി ഉടമ്പടിയിലെത്തണം'; നിരാഹാര സമര ഭീഷണിയുമായി ഇസ്രഈലി ബന്ദികളുടെ കുടുംബങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Dec 16, 09:43 am
Saturday, 16th December 2023, 3:13 pm

തെൽ അവീവ്: ബന്ദികളെ കൈമാറുന്നത് സംബന്ധിച്ച് ഹമാസുമായി ഇസ്രഈലി സർക്കാർ ഉടമ്പടിയിലെത്തുന്നത് വരെ നിരാഹര സമരം നടത്തുമെന്ന് ഇസ്രഈലി ബന്ദികളുടെ ബന്ധുക്കൾ ഭീഷണി മുഴക്കിയതായി മാധ്യമ റിപ്പോർട്ടുകൾ.

ബന്ദികളുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്താൻ ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിസമ്മതിച്ചതിനെ തുടർന്നാണ് ഭീഷണിയുണ്ടായതെന്ന് ഇസ്രഈലി പത്രമായ യെദിയോത്ത് ആഹ്രോനോത് റിപ്പോർട്ട് ചെയ്തു.

ഗസയിലെ ഇസ്രഈൽ സേനയുടെ നുഴഞ്ഞുകയറ്റം ബന്ദികളുടെ മോചനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്തു.

അതേസമയം നിരാഹാര സമരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചതിനോട് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹമാസ് ബന്ദികളാക്കിയ മൂന്ന് ഇസ്രഈലികളെ ഇസ്രഈൽ സൈന്യം ‘അബദ്ധത്തിൽ’ കൊലപ്പെടുത്തിയെന്ന സൈനിക വക്താവ് ഡാനിയേൽ ഹഗരിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ബന്ദികളുടെ ബന്ധുക്കൾ പ്രതിരോധ മന്ത്രാലയത്തിന് സമീപം റാലി നടത്തിയിരുന്നു.

നവംബർ അവസാന വാരം ഇസ്രഈൽ ഹമാസ് ഉടമ്പടി പ്രകാരം ഏഴ് ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവിൽ 81 ഇസ്രഈലികളെയും 23 തായ് പൗരന്മാരെയും ഒരു ഫിലിപ്പിനോയെയും ഹമാസ് മോചിപ്പിച്ചിരുന്നു. ഇതിന് പകരം ഇസ്രഈലി ജയിലുകളിൽ കഴിയുന്ന 71 സ്ത്രീകളും 169 കുട്ടികളും ഉൾപ്പെടെ 240 ഫലസ്തീനികളെയും മോചിപ്പിച്ചിരുന്നു.

ഗസയിൽ ഹമാസ് ബന്ദികളാക്കിയ 130ലധികം ആളുകൾ ഇനിയുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Content Highlight: Families of Israeli captives threaten hunger strike after Netanyahu snub