| Tuesday, 21st August 2018, 8:34 am

സനാതന്‍ സന്‍സ്ത നിരോധിക്കാനാവശ്യപ്പെട്ട് ധബോല്‍ക്കറിന്റെയും പന്‍സാരെയുടെയും കുടുംബങ്ങള്‍: കല്‍ബുര്‍ഗി-ലങ്കേഷ് കുടുംബങ്ങളും സമരത്തില്‍ അണിചേരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സനാതന്‍ സന്‍സ്ത നിരോധിക്കാനായുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് സംഘപരിവാര്‍ കൊലപ്പെടുത്തിയ ഗോവിന്ദ പന്‍സാരെയുടെയും നരേന്ദ്ര ധബോല്‍ക്കറുടെയും കുടുംബം. രണ്ടു വധക്കേസുകളുടെയും അന്വേഷണം പുരോഗമിക്കുമ്പോള്‍ അറസ്റ്റു ചെയ്യപ്പെട്ടവരില്‍ നിന്നും സനാതന്‍ സന്‍സ്തയുടെ പേരും വെളിപ്പെട്ടു തുടങ്ങിയതോടെയാണ് നിരോധനാവശ്യവുമായി നേരത്തേ മുന്നോട്ടു വന്നവര്‍ക്കൊപ്പം ചേരാന്‍ കുടുംബാംഗങ്ങള്‍ തീരുമാനമെടുത്തത്.

കേസുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി എ.ടി.എസും സി.ബി.ഐയും നിരവധി അറസ്റ്റുകള്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലായി നിരോധനാവശ്യം മുന്നോട്ടു വയ്ക്കുന്നുണ്ടെന്നും പുതിയ വിഷയങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഉടനടി പ്രതികരിക്കാതിരിക്കാനാകുന്നില്ലെന്നും ഗോവിന്ദ പന്‍സാരെയുടെ മകള്‍ മേഘ പന്‍സാരെ പറയുന്നു.

“കൊല്ലപ്പെട്ട ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കുടുംബങ്ങളെയും സമാന ചിന്താഗതിക്കാരെയും സമരമുഖത്തു കൊണ്ടുവരും. സനാതന്‍ സന്‍സ്ത നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്തോണ്ടതുണ്ട്.” മേഘ വിശദീകരിച്ചു.

Also Read: ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍.ഡി.എ തകര്‍ന്നടിയുമെന്ന് ഇന്ത്യാ ടുഡെയുടെ സര്‍വ്വെ ഫലം

ധബോല്‍ക്കര്‍ വധക്കേസില്‍ അറസ്റ്റിലായ സച്ചിന്‍ പ്രകാശ് റാവു അന്തൂരെ സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകനാണെന്ന് സി.ബി.ഐ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ 2016ല്‍ അറസ്റ്റു ചെയ്ത വിരേന്ദ്ര താവ്‌ഡെയും സന്‍സ്തയുടെ പ്രവര്‍ത്തകനായിരുന്നു. മഹാരാഷ്ട്ര എ.ടി.എസിന്റെ കസ്റ്റഡിയിലുള്ള നിരവധി പേരും വിവിധ തീവ്ര വലതു സംഘടനകളുമായി ബന്ധമുള്ളവരാണ്.

കുടുംബങ്ങള്‍ക്കൊപ്പം സാമൂഹിക പ്രവര്‍ത്തകരെയും തങ്ങളുടെ സമരപരിപാടികളില്‍ ഒന്നിച്ചു കൊണ്ടുവരാനാണ് മേഘ പന്‍സാരെയുടെ ശ്രമം. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സന്‍സ്ത നിരോധിക്കുക തന്നെ ചെയ്യുമെന്ന് പന്‍സാരെയുടെ മകള്‍ പ്രത്യാശിക്കുന്നു. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള പേരുകളെല്ലാം തന്നെ സംഘപരിവാര്‍ ബന്ധമുള്ള സംഘടനകളുടേതാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകുന്നതിന്റെ കാരണം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ഇവര്‍ അവശ്യപ്പെടുന്നുണ്ട്.

“അച്ഛന്‍ കൊല്ലപ്പെട്ട അന്നു തൊട്ട് ഈ സംഘടനകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു കൊണ്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കത്തെഴുതുകയാണ്. മുഖ്യമന്ത്രിയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്കും തങ്ങളുടെ നിലപാടു വ്യക്തമാക്കാതെ ഇനിയും ഒഴിഞ്ഞുമാറാനാവില്ല.” ധബോല്‍ക്കറിന്റെ മകന്‍ ഹമീദ് ധബോല്‍ക്കര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more