| Wednesday, 29th May 2019, 11:36 am

ബംഗാളില്‍ തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്കിടെ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ക്ക് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്കിടെ കൊല്ലപ്പെട്ട50 ബി.ജെ.പി പ്രവര്‍ത്തകരുടെ ബന്ധുക്കളെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ച് ബി.ജെ.പി നേതൃത്വം.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിനും ഇടയില്‍ നടന്ന അക്രമങ്ങളില്‍ 51 ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചടങ്ങിലേക്ക് തങ്ങളെ ക്ഷണിച്ച ബി.ജെ.പി നേതൃത്വത്തോട് നന്ദിയുണ്ടെന്നും ദല്‍ഹിയില്‍ എത്തി ചടങ്ങ് നേരിട്ട് കാണാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ മനു ഹന്‍സയുടെ മകന്‍ പറഞ്ഞു.

7000 പേര്‍ക്കാണ് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. പശ്ചിമബംഗാളില്‍ 42 ല്‍ 18 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി വലിയ തിരിച്ചുവരവ് നടത്തിയത്.

തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ തൃണമൂലിലെ 50 കൗണ്‍സിലര്‍മാരും രണ്ട് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ തങ്ങളുടെ എം.എല്‍.എമാരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് ബി.ജെ.പി അവരുടെ പക്ഷത്ത് ചേര്‍ത്തത് എന്നായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പങ്കെടുക്കുന്നുണ്ട്.

സത്യപ്രതിജ്ഞയില്‍ സംബന്ധിക്കാന്‍ മോദി മമതയെ ക്ഷണിച്ചിരുന്നു. മെയ് 30നാണ് രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.

മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇക്കാര്യം സംസാരിച്ചെന്നും സത്യപ്രതിജ്ഞാ ചടങ്ങ് ഔപചാരിക പരിപാടിയായതിനാല്‍ പങ്കെടുക്കാനാണ് തീരുമാനമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നരേന്ദ്ര മോദിയും മമത ബാനര്‍ജിയും നിരവധി തവണ കൊമ്പുകോര്‍ത്തിരുന്നു. പലപ്പോഴും മോദിയേയും ബി.ജെ.പിയേയും മമത രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഫോനി ചുഴലിക്കാറ്റ് സമയത്ത് സ്ഥിതി വിശേഷം അന്വേഷിക്കാന്‍ മോദി ഫോണ്‍ വിളിച്ചിട്ടും മമത മറുപടി നല്‍കിയില്ല എന്നതടക്കമുള്ള വിവാദങ്ങളും തെരഞ്ഞെടുപ്പു കാലത്ത് ഉണ്ടായിരുന്നു.

30-ന് വൈകീട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

We use cookies to give you the best possible experience. Learn more