സുരക്ഷ നല്‍കും, പകരം കുടുംബത്തിലെ 12 കാരികളെ വിവാഹം ചെയ്തു നല്‍കണ; ഇസിസിനു കീഴിലെ കുടുംബ നിയമങ്ങള്‍
Daily News
സുരക്ഷ നല്‍കും, പകരം കുടുംബത്തിലെ 12 കാരികളെ വിവാഹം ചെയ്തു നല്‍കണ; ഇസിസിനു കീഴിലെ കുടുംബ നിയമങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th May 2015, 3:52 am

isis-01ഇസിസ് ശക്തി കേന്ദ്രമായ ലിബിയയിലെ കുടുംബങ്ങള്‍ സംരക്ഷണം ലഭിക്കുന്നതിനായി 12 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ ഇസിസ് തീവ്രവാദികള്‍ക്ക് കൈമാറാന്‍ നിര്‍ബന്ധിതരാവുന്നതായി റിപ്പോര്‍ട്ട്. പ്രാദേശിയ ഡോക്ടര്‍മാരും മറ്റ് സംഘടകളുമാണ് വിഷയം അറിയിച്ചിരിക്കുന്നത്.

പ്രദേശത്ത് ധാരാളം ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. കുട്ടികള്‍  തീവ്രവാദികളുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാര്യമാരുടെ സ്ഥാനത്താണ് എത്തുന്നതെന്നും കുട്ടികളുടെ ഗര്‍ഭാവസ്ഥയിലും പ്രസവ സമയത്തും നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

എത്ര കുട്ടികള്‍ ഇത്തരത്തില്‍ വിവാഹിതരായിട്ടുണ്ട് എന്നുള്ള കണക്ക് ശേഖരിക്കുന്നുണ്ടെന്നും എന്നാല്‍ ഇസിസ് കൈയടക്കി വെച്ചിരിക്കുന്ന ക്ലിനിക്കില്‍ നിന്നും അവരുടെ സാന്നിധ്യത്തില്‍ കണക്കുകള്‍ ശേഖരിക്കുന്നത് ബുദ്ധിമുട്ടാണെന്നുമാണ് ലിബിയയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അസ്മാ പറയുന്നത്.

“ആഴ്ചയില്‍ നാലോ അഞ്ചോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ക്ലിനിക്കില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലായത്. ഇവിടുത്തെ അവസ്ഥ വഷളായി കൊണ്ടിരിക്കുകയാണ്. ഗര്‍ഭച്ഛിദ്രം, ചെറിയ പ്രായത്തില്‍ തന്നെ ഋതുമതികളാവുക, പ്രസവത്തില്‍ തന്നെ കുട്ടി മരിക്കുക എന്നിവ ഇവിടെ വ്യാപകമായിരിക്കുകയാണ്.” അവര്‍ പറയുന്നു.

വളരെ ചെറിയ കുട്ടികളാണ് ഇവിടെ എത്തുന്നതെന്നും എന്താണ് സംഭവിക്കുന്നത് എന്ന് അവര്‍ക്ക് മനസിലാകുന്നില്ലെന്നുമാണ് ഒരു ഗൈനക്കോളജിസ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്. അവരുടെ പാവക്കുട്ടികളുമായി കളിച്ചുകൊണ്ടാണ് പല കുട്ടികളും ക്ലിനിക്കില്‍ എത്തുന്നതെന്നും അവര്‍ പറഞ്ഞു. സാമ്പത്തികം കുറഞ്ഞ വീടുകളിലാണ് കൂടുതലായും ഇത്തരം വിവാഹങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.