ന്യൂദല്‍ഹി: ദല്‍ഹിയിലെ സംഗം വിഹാറിലെ ക്ഷേത്ര പരിസരത്ത് നിന്ന് പശുമാംസം കണ്ടെത്തിയതിന് പിന്നാലെ പ്രദേശവാസികള്‍ ജീവഭയത്താല്‍ വീട് വിട്ട് പോയതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച ക്ഷേത്ര പരിസരത്ത് നിന്ന് പശുമാംസം ലഭിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
48 മണിക്കൂറിനുള്ളില്‍ പശുമാംസം ഉപേക്ഷിച്ചവർക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ മുസ്‌ലിങ്ങളെയും കൊല്ലുമെന്ന് ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഹിന്ദു സംഘടനകള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയത് പ്രദേശത്താകെ അസ്വസ്ഥത വര്‍ധിപ്പിച്ചു. പിന്നാലെ പ്രദേശത്ത് നിന്ന് നിരവധി ആളുകള്‍ ജീവഭയത്താല്‍ വീട് വിട്ട് അയല്‍ പ്രദേശങ്ങളിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. ദി പ്രിന്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഹിന്ദു സംഘടനാ നേതാവിന്റെ പ്രകോപനപരമായ പ്രസംഗം പുറത്ത് വന്നതിന് പിന്നാലെ പ്രദേശത്തെ ജനങ്ങള്‍ വീടൊഴിഞ്ഞ് പോയെന്ന് സംഗം വിഹാറിലെ ഷാന്‍ മുഹമ്മദ് എന്ന പ്രദേശവാസി പറഞ്ഞു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ എന്റെ ചുറ്റുമുള്ള വീടുകളിലുള്ളവർ സുരക്ഷിത സ്ഥലം തേടി പോയി. ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രം ഞാന്‍ എന്റെ മക്കളെയും കൂട്ടി വീട് വിട്ട് പോയെന്ന് ഷാന്‍ മുഹമ്മദ് ദി പ്രിന്റിനോട് പറഞ്ഞു.
താനും തന്റെ നാലംഗ കുടുംബവും ഇപ്പോള്‍ കാപൂര്‍ ദേഹത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് പതിറ്റാണ്ടിലേറെയായി താന്‍ താമസിക്കുന്നത് സംഗം വിഹാറിലാണെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ മടങ്ങിവരാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അക്രമം ഉണ്ടാകുമെന്ന് ഭയന്ന് താനും കുടുംബവും ദക്ഷിണ ദല്‍ഹിയിലെ ബന്ധുവീട്ടിൽ അഭയം പ്രാപിച്ചെന്ന് സംഗം വിഹാറിലെ മറ്റൊരു പ്രദേശവാസി ഇസ്രാര്‍ അലി പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീട് വിട്ട് പോയ പലരും ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. സ്ഥിതിഗതികള്‍ അല്‍പ്പം ശാന്തമായതിനാല്‍ പലരും മടങ്ങി വരാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 12 ഓളം കുടുംബങ്ങള്‍ വീടുവിട്ട് പോയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈയിടെയായി ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് കുറവാണെന്ന് പശുമാംസം ഉപേക്ഷിച്ചെന്ന് പറയുന്ന ക്ഷേത്രത്തില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള പ്രദേശവാസിയായ സീമ സോണി പറഞ്ഞു.
‘അയല്‍വാസികളെല്ലാം വലിയ ഭയത്തിലാണ്. അവര്‍ സ്ഥിതിഗതികള്‍ വിശദീകരിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഈ സംഭവത്തിന് ശേഷം ആളുകള്‍ വീടിന് പുറത്തിറങ്ങുന്നത് കുറവാണ്. എന്നാൽ പൊലീസിന് ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല,’ സീമ സോണി പറഞ്ഞു. ‘
ജനങ്ങളില്‍ വലിയ രീതിയില്‍ ഭയം പടർന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഉണ്ടായ കാര്യങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയതാണ് ആളുകളെ വീട് വിട്ട് പോകാന്‍ പ്രേരിപ്പിച്ചതെന്ന് പ്രദേശത്തെ മറ്റൊരു താമസക്കാരനായ മുഹമ്മദ് മുദസര്‍ പറഞ്ഞു.
എന്നാല്‍ സംഗം വിഹാര്‍ പൊലീസ് സംഭവത്തോട് കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അന്വേഷണം നടക്കുന്നുണ്ടെന്ന് മാത്രമാണ് പൊലീസ് പ്രതികരിച്ചത്.
ദല്‍ഹിയില്‍ ക്ഷേത്രത്തിന് സമീപം പശുമാംസം കണ്ടെത്തിയെന്ന് ആരോപിച്ച് പൊലീസിനെയും പ്രദേശത്തെ മുസ്‌ലിങ്ങളെയും ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 48 മണിക്കൂറിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ മുസ്‌ലിങ്ങളെയും കൊല്ലുമെന്ന് ഇയാൾ പൊലീസിനോട് പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
Content Highlight: Families flee homes as communal tension grips Delhi’s Sangam Vihar