വ്യാജപ്രചരണം; എ.ബി.സി ന്യൂസിനെതിരെ നിയമനടപടിയുമായി കെ.എസ്.ഇ.ബി
Kerala News
വ്യാജപ്രചരണം; എ.ബി.സി ന്യൂസിനെതിരെ നിയമനടപടിയുമായി കെ.എസ്.ഇ.ബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd August 2024, 9:19 pm

തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ എ.ബി.സി ന്യൂസ് എന്ന യൂട്യൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കെ.എസ്.ഇ.ബി. വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമം മാപ്പ് പറയുകയും യഥാർത്ഥ വസ്തുതകൾ വെളിപ്പെടുത്തുകയും ചെയ്യാത്ത പക്ഷം ചാനൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടി വരും.

‘വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും,’ കെ.എസ്.എബി ഫേസ്ബുക്കിൽ കുറിച്ചു. കെ.എസ്.ഇ.ബിയോടൊപ്പം കേരള വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയും വിവരം ഫേസ്ബുക്കിൽ പങ്ക് വെച്ചിട്ടുണ്ട്.

ചാനൽ നടത്തിപ്പുകാരായ വടയാർ സുനിൽ, ജി സിനുജി എന്നിവർക്ക് കെ.എസ്.ഇ.ബിയുടെ മുതിർന്ന അഭിഭാഷകനായ അഡ്വ. ബി. ശക്തിധരൻ നായർ വഴി വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു. തങ്ങളുടെ ഫേസ്ബുക് പേജിലൂടെയാണ് കെ.എസ്.ഇ.ബി വിവരം പങ്കുവെച്ചത്.

‘കെ.എസ്.ഇ.ബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ’ എന്ന തലക്കെട്ടോടെ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വിഡിയോയിലൂടെ എ.ബി.സി ന്യൂസ് തികച്ചും അവാസ്തവവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിയതായി കെ.എസ്.ഇ.ബി പറഞ്ഞു.

കെ.എസ്.ഇ.ബി നൽകുന്ന വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങൾ ഒന്നൊന്നായി പരാമർശിച്ച് എ.ബി.സി ചാനൽ വ്യാജപ്രചാരണം നടത്തുകയായിരുന്നെന്നും, വീഡിയോയിൽ പറഞ്ഞ ഓരോ പരാമർശങ്ങൾക്കും കൃത്യവും വ്യക്തവും നിയമപരവുമായ മറുപടി രേഖപ്പെടുത്തിയാണ് വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളതെന്നും കെ.എസ്.എബി വ്യക്തമാക്കി.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വാർത്തകൾക്കെതിരെ ശക്തമായി പ്രതികരിക്കാനാണ് തീരുമാനമെന്നും കെ.എസ്.ഇ.ബി തങ്ങളുടെ ഫേസ്ബുക് പേജിലൂടെ വ്യക്തമാക്കി.

‘ജനങ്ങളുടെ ഉടമസ്ഥതയിലുള്ള, രാജ്യത്തെ നിയമവ്യവസ്ഥകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി എന്ന പൊതുമേഖലാ സ്ഥാപനത്തിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുക ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ തുടർന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം,’ കെ.എസ്.ഇ.ബി കുറിച്ചു.

സർക്കാർ നടത്തുന്ന കൊള്ള സംഘമാണ് കെ.എസ്.എബി, ചമ്പൽ കൊള്ളക്കാരൻ കെ.എസ്.എബി തുടങ്ങിയ പരാമർശനങ്ങൾ എ.ബി.സി ന്യൂസ് നടത്തിയിരുന്നു. ഡെപ്പോസിറ്റ്, ഫ്യൂവൽ ചാർജ്, ഫിക്സഡ് ചാർജ് തുടങ്ങിയ പേരുകളിൽ കെ.എസ്.ഇ.ബി ജനങ്ങളിൽ നിന്ന് പണം തട്ടുന്നു എന്നായിരുന്നു എ.ബി.സി ന്യൂസിന്റെ വാദം

 

 

Content Highlight: False propaganda; KSEB takes legal action against ABC News