| Tuesday, 9th April 2024, 1:25 pm

ഇ.വി.എമ്മിനെതിരെ വ്യാജപ്രചരണം; സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 12 കേസുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇലകട്രോണിക് വോട്ടിങ് മെഷീനിനെതിരെ വ്യാജപ്രചരണം നടത്തിയതില്‍ കേരളത്തില്‍ 12 കേസുകള്‍ രജിസ്റ്റർ ചെയ്തു. സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്നാണ് കേസ്.

ഇ.വി.എം തട്ടിപ്പാണെന്ന പ്രചരണമാണ് ഇവര്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കുന്നതിന് വേണ്ടി ഒരു പട്രോളിങ് സംഘത്തെ പൊലീസ് നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.

അവര്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇ.വി.എം തട്ടിപ്പാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടന്നതായി പൊലീസ് കണ്ടെത്തിയത്. ഇത്തരത്തില്‍ 12 കേസുകളാണ് നിലവില്‍ കേരള പൊലീസ് എടുത്തിട്ടുള്ളത്.

തൃശൂര്‍, എറണാകുളം, മലപ്പുറം എന്നീ സ്ഥലങ്ങളില്‍ രണ്ട് കേസ് വീതവും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒരു കേസ് വീതവുമാണ് രജിസ്റ്റര്‍ ചെയ്തത്.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക, സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.

സമൂഹ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇത്തരം നിരീക്ഷണങ്ങള്‍ തുടരുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Content Highlight: False propaganda against EVM; 12 cases have been registered in the state

We use cookies to give you the best possible experience. Learn more