തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിനെതിരെ വ്യാജ പ്രചരണം നടത്തിയതിന് കേസെടുത്ത് പൊലീസ്.
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിനെതിരെ വ്യാജ പ്രചരണം നടത്തിയതിന് കേസെടുത്ത് പൊലീസ്.
വയനാട് സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുക എന്ന ഉദ്ദേശത്തോടയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
എക്‌സില്‍ കോയിക്കോടന്‍സ് 2.0 എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളണമെന്ന തരത്തിലാണ് ഇവര്‍ പോസ്റ്റ് പങ്കുവെച്ചത്.
ഭാരതീയ ന്യായ സംഹിതയിലെ 192, 45 എന്നീ വകുപ്പുകളും ദുരന്തനിവാരണ നിയമത്തിലെ 51ാം വകുപ്പുമനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകൾ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ ഇതിനായി സൈബര്‍ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ദുരിതാശ്വാസ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും. ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാടിലേക്ക് പോകരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.
മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്. എന്തെങ്കിലും സാഹചര്യത്തില്‍ ദുരിതാശ്വാസ സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതാത് ജില്ലയിലെ കളക്ടറേറ്റില്‍ 1077 എന്ന നംബറില്‍ ബന്ധപ്പെട്ട് അറിയിക്കുക.
ജില്ലാ കളക്ടറേറ്റില്‍ ഇവ ശേഖരിക്കുവാന്‍ സംവിധാനം ഒരുക്കും. പഴയ വസ്തുകള്‍ എത്തിക്കരുത്. അവ സ്വീകരിക്കില്ല.
പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ല. ആവശ്യം ഉണ്ടെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും, മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Content Highlight: False Propaganda Against Chief Minister’s Post Requesting Help To Relief Fund; Police registered a case