കോണ്‍ഗ്രസിന്റേത് വ്യാജ അവകാശവാദം; ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തയെന്ന കോണ്‍ഗ്രസ് വാദത്തെ എതിര്‍ത്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍
national news
കോണ്‍ഗ്രസിന്റേത് വ്യാജ അവകാശവാദം; ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തയെന്ന കോണ്‍ഗ്രസ് വാദത്തെ എതിര്‍ത്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd May 2019, 12:43 pm

ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാര്‍ കാലത്ത് പാക്കിസ്ഥാനെതിരെ ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന കോണ്‍ഗ്രസ് വാദത്തെ എതിര്‍ത്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍.

പ്രധാനമന്ത്രിയായിരിക്കെ പാക്കിസ്ഥാനെതിരെ മൂന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളുടെ കൂടതല്‍ വിവരങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയും രംഗത്തെത്തി.

2008 നും 2014 നും ഇടയിലുള്ള കാലത്ത് ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് സര്‍ക്കാര്‍ നടത്തിയെന്നായിരുന്നു അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് ഒരിക്കലും അത് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് നടത്തുന്നത് വ്യാജ അവകാശവാദമാണെന്നാണ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്. ” അടുത്തിടെയാണ് കോണ്‍ഗ്രസ് തങ്ങള്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ച് എത്തിയത്. എന്നാല്‍ ഇപ്പോള്‍ അവര്‍ പറയുന്നു അവര്‍ ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയെന്ന്.

ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2016 ലാണ് നടന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അതിന് മുന്‍പ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടില്ലെന്ന് വ്യക്തം. കോണ്‍ഗ്രസിന്റെ ഒരു പുതിയ വ്യാജ അവകാശ വാദം കൂടി”- എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയതത്.

ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന കോണ്‍ഗ്രസിന്റെ അവകാശ വാദത്തിനെതിരെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ബി.ജെ.പിയുടെ മറ്റു നേതാക്കളും രംഗത്തെത്തിയിരുന്നു.

തീവ്രവാദികള്‍ക്കെതിരെ തങ്ങള്‍ ഒരു നടപടിയും കൈക്കൊള്ളാത്ത സര്‍ക്കാരാണ് തങ്ങളുടേതെന്ന് ജനങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം പ്രസ്താവനകളുമായി കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നത് എന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിമര്‍ശനം.