ഇടുക്കി: കണ്ണംപടിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട കുടുംബത്തിന് 5,000 രൂപയുടെ സമാശ്വാസവുമായി വനം വകുപ്പ്. മകനെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നിരാഹാരം കിടന്ന സരിന്റെ മാതാപിതാക്കളുടെ ചികിത്സയ്‌ക്കെന്ന് പറഞ്ഞാണ് വനംവകുപ്പ് പണം നല്‍കിയത്.
എന്നാല്‍, സംഭവത്തില്‍ നടപടി നേരിട്ട മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രാഹുലിന്റെ സ്വകാര്യ അക്കൗണ്ടില്‍ നിന്നാണ് ഈ പണം എത്തിയതെന്നാണ് സമരസമിതി ആരോപിക്കുന്നത്. ഇതോടെ കുടുംബം പണം തിരിച്ചു നല്‍കി.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ യുവാവിന്റെ മാതാപിതാക്കളുടെ ആരോഗ്യനില മോശമായി ആശുപത്രിയിലേക്ക് മാറ്റുന്ന ഘട്ടത്തില്‍ ഒക്ടോബര്‍ 30നാണ് പണം നല്‍കിയത്.
വകുപ്പുതല സഹായം എന്ന നിലയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സമരസമിതി നേതാവിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയത്. എന്നാല്‍ ഈ പണമെത്തിയത് നടപടി നേരിട്ട രാഹുലിന്റെ അക്കൗണ്ടില്‍ നിന്നാണെന്ന് തൊട്ടടുത്ത ദിവസമാണ് സമരസമിതി നേതാക്കള്‍ തിരിച്ചറിഞ്ഞത്.
ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നിയമനടപടികളിലേക്ക് നീങ്ങുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ സമര സമിതി നേതാക്കളെ രാഹുല്‍ ബന്ധപ്പെട്ടിരുന്നു.
‘നിങ്ങളെ സാമ്പത്തികമായെല്ലാം സഹായിച്ചതല്ലേ ഇനിയും കേസുമായി മുന്നോട്ടുപോണോ?’ എന്ന് രാഹുല്‍ ചോദിച്ചതോടെയാണ് ചികിത്സാ സഹായത്തിന് തന്ന പണം ഉദ്യോഗസ്ഥന്റെ കൈമടക്കായിരുന്നുവെന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞത്.
ഉടന്‍ തന്നെ 5,000 രൂപ രാഹുലിന്റെ അക്കൗണ്ടിലേക്ക് തിരിച്ചയക്കുകയും ചെയ്യുകയായിരുന്നു. നടപടി നേരിട്ട ഉദ്യോഗസ്ഥന്‍ പണം നല്‍കുന്നതില്‍ അസ്വാഭാവികതയുണ്ടെന്നും സമരസമിതി പറയുന്നു. എന്നാല്‍ വനം വകുപ്പിന്റെ ഔദ്യോഗിക ഫണ്ടില്‍ നിന്ന് സഹായമെന്ന നിലയില്‍ നല്‍കിയ പണമാണെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം, ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ രാഹുലിനെ കഴിഞ്ഞ ദിവസമാണ് സസ്പെന്‍ഡ് ചെയ്തത്. പരാതിയെ തുടര്‍ന്ന് രാഹുലിനെ നേരത്തെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.
കാട്ടിറച്ചി കൈവശം വെച്ചുവെന്നാരോപിച്ചാണ് ആദിവാസി യുവാവായ സരുണിനെ വനം വകുപ്പ് കള്ളക്കേസില്‍ കുടുക്കിയത്. ഓഗസ്റ്റ് 20നായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് കേസില്‍ കുടുക്കിയതെന്നാണ് സരുണ്‍ പറയുന്നത്.
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് സരുണ്‍. കേസില്‍ പെട്ടതോടെ സര്‍ക്കാര്‍ ജോലി സാധ്യത ഇല്ലാതാകുമെന്നും സരുണ്‍ പറയുന്നു. യുവാവിന് നീതി തേടി യുവാവിന്റെ മാതാപിതാക്കളായ സജിയും നിര്‍മലയും വനം വകുപ്പ് ഓഫീസ് പടിക്കല്‍ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തിരുന്നു. ആദിവാസി സംയുക്ത സമരസമിതിയാണ് സമരത്തിന് നേതൃത്വം നല്‍കിയത്.