ന്യൂദല്‍ഹി: എന്‍.ഡി.എയുടെ വിജയക്കുതിപ്പില്‍ രണ്ടാംവട്ടവും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതോടെ പാര്‍ട്ടിക്കുള്ളില്‍ കൂട്ടരാജി. വന്‍ പരാജയങ്ങള്‍ നേരിട്ട ഉത്തര്‍പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാര്‍ ഇതോടകം രാജി സമര്‍പ്പിച്ചുകഴിഞ്ഞു. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ പ്രചാരണവിഭാഗം തലവനും രാജിനല്‍കി.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, ഒഡിഷയിലെ അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക് എന്നിവരും കര്‍ണാടകയിലെ പ്രചാരണവിഭാഗം തലവന്‍ എച്ച്.കെ പാട്ടീലുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു രാജിക്കത്ത് അയച്ചത്. നേരത്തേ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു രാജിവെയ്ക്കാന്‍ തയ്യാറാണെന്നു രാഹുലും വ്യക്തമാക്കിയിരുന്നു. രാഹുലിനെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും സോണിയാ ഗാന്ധിയും ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 63 എണ്ണത്തില്‍ ബി.ജെ.പി ജയിക്കുകയും രാഹുലിന്റെ സീറ്റ് പരാജയപ്പെട്ടതുമാണ് രാജിവെയ്ക്കാന്‍ ബബ്ബറിനെ പ്രേരിപ്പിച്ചത്. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു രാജിവെയ്ക്കുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി 33 പൊതുയോഗങ്ങളിലാണ് ഉത്തര്‍പ്രദേശില്‍ മാത്രം പങ്കെടുത്തത്. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള നേതാക്കളും സംസ്ഥാനത്തു സജീവമായിരുന്നു. എന്നാല്‍ സോണിയയുടെ റായ്ബറേലി മാത്രമാണ് കോണ്‍ഗ്രസിനു ലഭിച്ചത്. ഫത്തേപുര്‍ സിക്രിയില്‍ ബബ്ബറും പരാജയപ്പെട്ടു. അരലക്ഷത്തോളം വോട്ടിനു രാഹുല്‍ പരാജയപ്പെട്ടതും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയിട്ടുണ്ട്.
ഒഡിഷയിലെ 147 മണ്ഡലങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയം കണ്ടത് ഒമ്പത് സീറ്റില്‍ മാത്രമാണ്. കഴിഞ്ഞതവണ 16 സീറ്റ് നേടിയിരുന്നു. അതേസമയം കഴിഞ്ഞതവണ ഒരു സീറ്റ് പോലും ഒഡിഷയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടാനാവാതെ പോയ കോണ്‍ഗ്രസ് ഇത്തവണ ഒരു സീറ്റ് നേടി. 21 സീറ്റുകളാണ് സംസ്ഥാനത്താകെയുള്ളത്.
ഒഡിഷ സംസ്ഥാനാധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക്കിനും മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നില്‍പ്പോലും വിജയിക്കാനായില്ലെന്നതാണു ശ്രദ്ധേയം. ഭണ്ഡാരിപോഖാരി, ഘാസിപുര മണ്ഡലങ്ങളില്‍ മത്സരിച്ച നിരഞ്ജനും ബാലസോറില്‍ നിന്നു മത്സരിച്ച അദ്ദേഹത്തിന്റെ മകന്‍ നബജ്യോതി ദാസും പരാജയപ്പെട്ടു.
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാംതവണയാണ് ബി.ജെ.ഡി അധികാരത്തിലെത്തുന്നത്. നവീന്‍ പട്‌നായിക്ക് തന്നെയാണ് നാലാംതവണയും മുഖ്യമന്ത്രിയാവുക. 112 സീറ്റാണ് അവര്‍ നേടിയത്. അതേസമയം പത്തില്‍ നിന്ന് 23 നിയമസഭാ സീറ്റ് നേടി ബി.ജെ.പി പ്രതിപക്ഷപാര്‍ട്ടിയായി മാറി. ലോക്‌സഭയില്‍ 20 സീറ്റില്‍ നിന്ന് ബി.ജെ.ഡി 12 സീറ്റിലേക്കു കൂപ്പുകുത്തിയിട്ടുണ്ട്. ബി.ജെ.പി എട്ട് സീറ്റുകള്‍ നേടി സംസ്ഥാനത്തു വ്യക്തമായ സാന്നിധ്യം അറിയിച്ചതോടെയാണിത്.
അതേസമയം കര്‍ണാടകയിലെ 28 സീറ്റുകളില്‍ 25 എണ്ണവും ബി.ജെ.പിക്കൊപ്പമാണു നിന്നത്. ഒരെണ്ണം മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. സഖ്യകക്ഷിയായ ജെ.ഡി.എസിനു ലഭിച്ചത് ഒരു സീറ്റാണ്. 2014-ല്‍ കോണ്‍ഗ്രസിന് ഒമ്പത് സീറ്റ് ലഭിച്ചിരുന്നു.