| Friday, 23rd February 2024, 2:53 pm

ഫാലി സാം നരിമാന്‍; ഭരണഘടനാ മൂല്യങ്ങളുടെ കാവലാള്‍

ജയ്‌മോന്‍ ആന്‍ഡ്രൂസ്

തൊണ്ണൂറ്റിഅഞ്ചാം വയസ്സില്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചതോടു കൂടി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ ഒരു ‘യുഗം’ അവസാനിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണഘടനാ വ്യാഖ്യാതാവായിരുന്നു നരിമാന്‍. ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ തന്റെ തൊഴില്‍ മേഖലയിലൂടെയും, എഴുത്തുകളിലൂടെയും, മറ്റു സാമൂഹ്യ ഇടപെടലുകളുടെയും അതുല്യമായ സംഭവനനയാണ് അദ്ദേഹം നല്‍കിയിരുന്നത്.

കടുത്ത ജനാധിപത്യവാദിയും , മതനിരപേക്ഷ മൂല്യങ്ങളുടെ സംരക്ഷകനുമായിരുന്നു അദ്ദേഹം. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ അട്ടിമറിക്കപ്പെടാന്‍ പാടില്ല എന്ന ഉറച്ചു നിലപാടും അദ്ദേഹത്തിനുണ്ടായിരുന്നു.
അഭിഭാഷകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ഭരണഘടനാ പക്ഷത്തു നിന്നുള്ള ഉറച്ച നിലപാടുകളും ഉന്നതമായ ധാര്‍മിക മൂല്യങ്ങളുമായിരുന്നു.

സുപ്രീംകോടതി മുറികളില്‍ ആധികാരിതയുടെ പര്യായമായിരുന്ന മഹാനായ നിയമജ്ഞന്‍.

അദ്ദേഹം ഹാജരാകാത്ത കേസുകളില്‍ പോലും ചില ഭരണഘടനാ വ്യഖ്യാനങ്ങളില്‍ തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടി നില്കുമ്പോള്‍ ചിലപ്പോള്‍ ‘ഈ വിഷയത്തില്‍ ശ്രീ നരിമാന്റെ അഭിപ്രായം അറിയാന്‍ ഞങ്ങള്‍ക്ക്‌ താല്പര്യമുണ്ട് ‘ എന്ന് പറയുന്നത് കേള്‍ക്കാന്‍ ഇടവന്നിട്ടുണ്ട്. അത് ഭരണഘടനാ വിഷയത്തില്‍ ഉള്ള അദ്ദേഹത്തിന്റെ പ്രാഗല്‍ഭ്യംകൊണ്ട് മാത്രമായിരുന്നില്ല, അദ്ദേഹം കോടതി മുറികളില്‍   ഉയര്‍ത്തിപ്പിടിച്ചിരുന്ന ഉന്നത നീതിബോധം കൊണ്ട് കൂടിയായിരുന്നു.

ഭരണഘടനയുടെ അന്തസത്തയും മൂല്യങ്ങളും അട്ടിമറിക്കപ്പെടുന്ന തരത്തിലുള്ള വിധിന്യായങ്ങള്‍ സുപ്രീം കോടതിയുടെയോ മറ്റേതെങ്കിലും കോടതികളുടെയോ ഭാഗത്തു നിന്നുണ്ടായാലും, ജനാധിപത്യ വിരുദ്ധമായതോ, ഭരണഘടനക്ക്‌ അനുസൃതമായതല്ലാതായോ എന്തെങ്കിലും നിയമനിര്‍ണമനം സര്‍ക്കാരുകള്‍ നടത്തുകയോ ചെയ്യുന്ന അവസരത്തില്‍ മുഖം നോക്കാതെ അതിനെ വിമര്‍ശിക്കാന്‍ നരിമാന്‍ ഒരിക്കലും വിമുഖത കാണിച്ചിട്ടില്ല.

1971 ല്‍ സീനിയര്‍ അഭിഭാഷകപട്ടം ലഭിച്ച അദ്ദേഹത്തെ 1972 ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി താല്പര്യമെടുത്തു സുപ്രീം കോടതിലെ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയി നിയമിച്ചിരുന്നു. എന്നാല്‍ 1975 ല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രക്ഷ്യാപിച്ചതില്‍ ഇന്ദിരയോട് കലഹിച്ചുകൊണ്ട് അദ്ദേഹം സ്ഥാനം രാജിവെക്കുകയാണുണ്ടായത് . അതിനു ശേഷം മരണംവരെ അദ്ദേഹം യാതൊരു ഭരണഘടന പദവികളും സ്വീകരിക്കുകയുണ്ടായില്ല.

കശ്മീരിന് നല്‍കിയ പ്രത്യക പദവി റദ്ദ് ചെയ്തതു അംഗീകരിച്ച കോടതിവിധിക്കെതിരെ അദ്ദേഹം ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. ഒടുവില്‍ തിരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ദുര്‍ബലപെടുത്തിയ സുപ്രീം കോടതി വിധിക്ക് വേണ്ടി സുപ്രീം കോടതിയില്‍ പോരാടിയ പ്രശാന്ത് ഭൂഷണെ അഭിന്ദിച്ചുകൊണ്ടു അദ്ദേഹം കത്തയക്കുകയുണ്ടായി. അതിലൂടെ നിലവിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധമായ നിലപാടുകള്‍ക്കൊപ്പമില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കുക കൂടിയാണ് നരിമാന്‍ ചെയ്തത്.

സ്വതന്ത്ര ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനങ്ങളായ പല സുപ്രീം കോടതി വിശദീകരണങ്ങളിലും ഒരു ‘നരിമാന്‍ സ്പര്‍ശം ‘ ഉണ്ടായിട്ടുണ്ട്.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്തരുതെന്നു തീരുമാനിക്കപ്പെട്ട കേശവാനന്ദ ഭാരതി കേസ്, നായാധിപന്മാരുടെ നിയമനം നടത്തുന്ന രീതിയില്‍ പൊളിച്ചെഴുത്ത്‌ നടത്തി ഇന്നത്തെ കൊളീജിയം സംവിധാനം കൊണ്ട് വന്ന സ്‌കോറ കേസ്, നാഷണല്‍ ജൂഡിക്കല്‍ അപ്പോയ്ന്റ്‌മെന്റ്‌സ് കമ്മീഷന്‍ നിയമത്തെ റദ്ദാക്കിയ രണ്ടാം സ്‌കോറ കേസ്‌, ടി.എം.എ.പൈ ഫൗണ്ടേഷന്‍ കേസ്, നാസ് ഫൗണ്ടേഷന്‍ കേസ് തുടങ്ങി തുടങ്ങി ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയില്‍ സ്വാധീനം ചെലുത്തുന്ന നിരവധി കേസുകളില്‍ മുഖ്യ സംഭാവന അദ്ദേഹത്തിന്റേതാണ്.

സുപ്രീം കോടതിയിലെ മുടിചൂടാമന്നന്‍ ആയിരിക്കുമ്പോളും അദ്ദേഹം പുലര്‍ത്തിയ ലാളിത്യവും, എളിമയും അത്ഭുതപ്പെടുത്തിയിരുന്നു. ജൂനിയര്‍ അഭിഭാഷകാരോട് പോലുമുള്ള ഇടപെടല്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു.
സുപ്രീം കോടതിയുടെ മൂത്രപ്പുരയില്‍ അടുത്തതടുത്തായി നിന്ന് മൂത്രമൊഴിച്ചു കൊണ്ട് നിന്നപ്പോള്‍ മലയാളിയായ ഒരു യുവ അഭിഭാഷകന്‍ ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞു, ‘ഇവിടെ നമ്മള്‍ തുല്യരാണ്’. ആ ‘അധിക പ്രസംഗ’ത്തിനുള്ള അദ്ദേഹത്തിന്റെ മറുപടി വളരെ രസകരമായിരുന്നു, സുപ്രീം കോടതിയില്‍ ‘ആശ്വാസം’ (releif ) കിട്ടുന്ന ഏക സ്ഥലം ഇതാണ് ‘ എന്ന്..അതായിരുന്നു ‘ഫലി എസ് നരിമാന്‍ ‘

വളരെ സങ്കീര്‍ണമായ നിയമ പ്രശ്‌നങ്ങള്‍ ഉള്ള കേസുകളിലും, ഉന്നതരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കേസുകളിലും ഒക്കെ സ്ഥിരമായി ഹാജരാവുമ്പോളും സാധാരണക്കാരുടെ ആവശ്യങ്ങളുമായി അദ്ദേഹത്തെ സമീപിക്കുന്ന വ്യക്തികള്‍ക്ക് അദ്ദേഹം നിയമസഹായം ചെയ്തു കൊടുത്തിട്ടുള്ള ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ബര്‍മയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ജാപ്പനീസ് അധിനിവേശത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കാരണം നന്നേ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് പലായനം ചെയ്തെത്തി. അന്ന് മുതല്‍ മരണം വരെ അടിമുടി ഇന്ത്യക്കാരനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

അദ്ദേഹത്തിന്റെ ആത്മകഥയായ ‘ബിഫോര്‍ മെമ്മറി ഫെഡ്’ ല്‍ അദ്ദേഹം ഇങ്ങനെ എഴുതി, ‘ഞാന്‍ ജീവിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തത് മതേതര ഇന്ത്യയിലാണ് . ദൈവം ഇച്ഛിച്ചാല്‍, ഒരു മതേതര ഇന്ത്യയില്‍ മരിക്കാന്‍ ഞാനും ആഗ്രഹിക്കുന്നു, ‘. മതേതരത്വം ഊര്‍ദ്ധ ശ്വാസം വലിക്കുന്ന വേളയില്‍ ആണ് അദ്ദേഹത്തിന്റെ ദേഹ വിയോഗം എന്നത് അത്യന്തം ആശങ്കയോടെയാണ് കാണുന്നത്.

നരിമാന്‍ ഇല്ല, എന്നാല്‍ അതിനര്‍ത്ഥം, ഇനി അദ്ദേഹം ഈ ഭൂമുഖത്തില്ലെന്ന് മാത്രമാണ്. ഈ കെട്ടകാലത്ത്, ജനാധിപത്യ ധ്വംസനങ്ങളുടെ പെരുമഴകാലത്ത്, ഭരണഘടന പോലും അട്ടിമറിക്കാന്‍ ഭരണവര്‍ഗ്ഗം തയാറെടുക്കുന്ന ഈ കാലത്ത് നരിമാന്‍ ഓരോ നിമിഷവും മതേതര ജനാധ്യപത്യവാദികളാല്‍ ഓര്‍മ്മിക്കപ്പെടും എന്നതിന് യാതൊരു തര്‍ക്കവുമില്ല.

content highlights: Fali Sam Nariman; Guardian of constitutional values

ജയ്‌മോന്‍ ആന്‍ഡ്രൂസ്

സുപ്രീം കോടതി അഭിഭാഷകന്‍

We use cookies to give you the best possible experience. Learn more