[share]
[] ന്യൂദല്‍ഹി: അഴിമതി വിരുദ്ധ സമിതിയായ ലോക്പാലിലേക്ക് വ്യക്തികളെ നാമനിര്‍ദേശം ചെയ്യാനുള്ള സമിതിയില്‍ നിന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ പിന്മാറി.
ലോക്പാലിനെ തിരഞ്ഞെടുക്കാനുള്ള ഇപ്പോഴത്തെ നടപടിക്രമങ്ങള്‍ പ്രഹസനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നരിമാന്‍ സമിതിയില്‍ നിന്ന് പിന്മാറിയത്.
ഇക്കാര്യമറിയിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് നരിമാന്‍ കത്തയച്ചു.
പ്രധാനമന്ത്രി, ലോക്‌സഭാ സപീക്കര്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ലോക്പാല്‍ കമ്മിറ്റിയാണ് നാമനിര്‍ദേശക സമിതിയെ തിരഞ്ഞെടുത്തത്.
മലയാളിയും സുപ്രീംകോടതി റിട്ട. ജസ്റ്റിസുമായ കെ.ടി. തോമസ് ആണ് ലോക്പാലിനെ തിരഞ്ഞെടുക്കാനുള്ള എട്ടംഗ സമിതിയുടെ അധ്യക്ഷന്‍.
ദല്‍ഹി ലേഡി ശ്രീറാം കോളജ് പ്രിന്‍സിപ്പലും രാഷ്ട്രമീമാംസ വിദഗ്ധയുമായ മീനാക്ഷി ഗോപിനാഥ്, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ്.വൈ. ഖുറൈശി, മൃണാള്‍ മിറി, മുന്‍ ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറി കാകി മാധവ റാവു, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എച്ച്.കെ. ദുവ എന്നിവരാണ് സമിതിയിലുള്ള മറ്റ് അംഗങ്ങള്‍.