ക്രിക്കറ്റിലെ സലാഹ്!! ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരമായി ഫഖര്‍ സമാന്
Cricket
ക്രിക്കറ്റിലെ സലാഹ്!! ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരമായി ഫഖര്‍ സമാന്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd July 2018, 5:22 pm

ഏകദിനക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന താരമായി പാക് ബാറ്റ്‌സ്മാന്‍ ഫഖര്‍ സമാന്‍. 18 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഫഖര്‍ 1000 തികച്ചത്. 21 മത്സരങ്ങളില്‍ നിന്ന് ആയിരം തികച്ച വിവിയന്‍ റിച്ചാര്‍ഡ്‌സ്, കെവിന്‍ പീറ്റേഴ്‌സണ്‍, ജൊനാഥന്‍ ട്രോട്ട്, ക്വിന്റോണ്‍ ഡി കോക്ക്, ബാബര്‍ അസാം എന്നിവരുടെ റെക്കോര്‍ഡാണ് ഫഖര്‍ സമാന്‍ തിരുത്തിയത്.

സിംബാവെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിലാണ് 28കാരനായ ഫഖര്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി 24 മത്സരങ്ങളില്‍ നിന്നാണ് ആയിരം തികച്ചത്. 18 കളികളില്‍ മൂന്ന് അര്‍ദ്ധശതകങ്ങളും 5 സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.

നാലാം ഏകദിനത്തില്‍ ഫഖര്‍ ഇരട്ടസെഞ്ച്വറി നേടിയിരുന്നു. പാകിസ്ഥാന്റെ ആദ്യ ഏകദിന ഇരട്ടശതകമാണിത്. 1997ല്‍ ഇന്ത്യയ്‌ക്കെതിരെ സഈദ് അന്‍വറെടുത്ത റെക്കോര്‍ഡാണ് ഫഖര്‍ തിരുത്തിയത്.

 

സിംബാവെക്കെതിരായ പരമ്പരയില്‍ 5 കളികളില്‍ നിന്നായി 515 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ഏകദിന പരമ്പരകളില്‍ ഒരു പാക്താരം ഇതുവരെ നേടിയതില്‍ ഏറ്റവും വലിയ സ്‌കോറാണിത്. നിലവില്‍ വിരാട് കോഹ്‌ലിക്കാണ് ഇക്കാര്യത്തില്‍ റെക്കോര്‍ഡ്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ആറു മത്സരങ്ങളില്‍ നിന്ന് കോഹ്‌ലി 558 റണ്‍സ് നേടിയിരുന്നു.

ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന പാക്ക് താരമെന്ന റെക്കോര്‍ഡ് ഇപ്പോള്‍ ഫഖറിന്റെ പേരിലാണ്.