'പിച്ച് നനയാന്‍ ഞാന്‍ സമ്മതിക്കൂല, ഞങ്ങള്‍ക്ക് ബാറ്റ് ചെയ്യേണ്ടതാണ്'; പിച്ച് കവര്‍ ചെയ്യാന്‍ സഹായിച്ച് പാക് സൂപ്പര്‍താരം
Asia cup 2023
'പിച്ച് നനയാന്‍ ഞാന്‍ സമ്മതിക്കൂല, ഞങ്ങള്‍ക്ക് ബാറ്റ് ചെയ്യേണ്ടതാണ്'; പിച്ച് കവര്‍ ചെയ്യാന്‍ സഹായിച്ച് പാക് സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th September 2023, 7:33 pm

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മഴ കാരണം സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യന്‍ സ്‌കോര്‍ 24.1 ഓവറില്‍ 147/2 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു മഴ എത്തിയത്. മഴ കാരണം ഇന്ന് മാറ്റിവെച്ച മത്സരം റിസര്‍വ് ഡേ ആയ നാളെ മത്സരം നിര്‍ത്തിയെടുത്ത് നിന്ന് വീണ്ടും ആരംഭിക്കും.

മഴ എത്തിയപ്പോഴേക്കും ഗ്രൗണ്ട് സ്റ്റാഫുകള്‍ നാല് ഭാഗത്ത് നിന്നും ഓടിക്കൂടി ഗ്രൗണ്ട് കവര്‍ ചെയ്യാന്‍ ഒരുങ്ങിയിരുന്നു. ഇവരെ സഹായിക്കാന്‍ പാകിസ്ഥാന്‍ ഓപ്പണിങ് ബാറ്റര്‍ ഫഖര്‍ സമാന്‍ ഓടിയെത്തിയിരുന്നു. ഗ്രൗണ്ട് സ്റ്റാഫുകളോടൊപ്പം താരം മഴ നനഞ്ഞുകൊണ്ടോടുന്ന ദൃശം ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

താരത്തിനെ പ്രശംസിച്ച് ഒരുപാട് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ നല്ല പ്രവര്‍ത്തിയാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം ഇന്ത്യക്കായി മികച്ച തുടക്കമാണ് നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ തകര്‍ത്തടിച്ച ഇരുവരും അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് കളം വിട്ടത്.

49 പന്തില്‍ ആറ് ഫോറും നാല് സിക്‌സറുമടിച്ച് 56 റണ്‍സാണ് രോഹിത് നേടിയത്. ആദ്യ സ്‌പെല്ലില്‍ നസീം ഷാക്കെതിരെ ഒന്ന് പതറിയെങ്കിലും പിന്നീട് രോഹിത് കത്തികയറുകയായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഗില്‍ 52 പന്തില്‍ 58 റണ്‍സ് നേടി പുറത്തായി. 10 ഫോറാണ് ഗില്ലിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. പാക് പേസ് കുന്തമുനയായ ഷഹീന്‍ അഫ്രിദിയെ താരം കണക്കിന് പ്രഹരിച്ചിരുന്നു.

മഴ എത്തുമ്പോള്‍ എട്ട് റണ്‍സുമായി വിരാട് കോഹ്‌ലിയും 17 റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍. പാകിസ്ഥാനായി ഷദാബ് ഖാനും ഷഹീന്‍ അഫ്രിദിയും ഓരോ വിക്കറ്റ് വീതം നേടി.

Content Highlight: Fakhar Zaman Helps Ground Staffs to Cover the ground