Sports News
അയര്‍ലാന്‍ഡിനെ ചുരുട്ടിയെറിഞ്ഞ ഇരട്ടക്കൊടുങ്കാറ്റ്; ഇവര്‍ തിരുത്തിയത് പാകിസ്ഥാന്റെ ചരിത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 13, 09:10 am
Monday, 13th May 2024, 2:40 pm

അയര്‍ലാന്‍ഡും പാക്കിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.

ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ അടിച്ചു പരത്തിയാണ് ഐറിഷ് പട വിജയം സ്വന്തമാക്കിയത്. ഇതിനെതിരെ കനത്ത പ്രതികാരം ചെയ്താണ് ബാബറും സംഘവും അയര്‍ലാന്‍ഡിന് നേരെ വിജയിച്ചു കയറിയത്. അയര്‍ലാന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 193 റണ്‍സ് 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് വിജയം സ്വന്തമാക്കുകയായിരുന്നു ബാബറിന്റെ പച്ചപ്പട.

ക്ലോണ്ടര്‍ഫ് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് മുഹമ്മദ് റിസ്വാനും ഫഖര്‍ സമാനുമായിരുന്നു. റിസ്വാന്‍ 46 പന്തില്‍ നിന്ന് പുറത്താകാതെ നാല് സിക്‌സറും 6 ഫോറും ഉള്‍പ്പെടെ 75 റണ്‍സ് ആണ് നേടിയത്. ഫഖര്‍ സമാന്‍ 40 പന്തില്‍ നിന്ന് 6 സിക്സും ഫോറും നേടി 78 റണ്‍സാണ് സ്വന്തമാക്കിയത്. മികച്ച കൂട്ടുകെട്ടായിരുന്നു ഇരുവരും കാഴ്ചവെച്ചത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്. ടി-20യില്‍ പാകിസ്ഥാന് വേണ്ടി മൂന്നാം വിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സിന്റെ കൂട്ടുകെട്ട് സ്വന്തമാക്കാനാണ് ഇരുവര്‍ക്കും സാധിച്ചത്.

ടി-20യില്‍ പാകിസ്ഥാന് വേണ്ടി മൂന്നാം വിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സിന്റെ കൂട്ടുകെട്ട് സ്വന്തമാക്കുന്ന താരങ്ങള്‍, റണ്‍സ്, എതിരാളികള്‍, വര്‍ഷം

ഫഖര്‍ സമാന്‍ & മുഹമ്മദ് റിസ്വാന്‍ – 140 – അയര്‍ലാന്‍ഡ് – 2024*

മിസ്ബ ഉള്‍ ഹഖ് & ഷൊയിബ് മാലിക് – 119 – ഓസ്‌ട്രേലിയ – 2007

ഷൊയിബ് മാലിക് & ഉമ്രാന്‍ അക്മല്‍ – 114 – യു.എ.ഇ – 2016

ക്യാപ്റ്റന്‍ ബാബര്‍ പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ ഏറെ അമ്പരപ്പിച്ചത് മൂന്നു വിക്കറ്റ് ശേഷം ഇറങ്ങിയ അസം ഖാന്‍ ആയിരുന്നു. 10 പന്തില്‍ നാല് സിക്‌സറും ഒരു ഫോറും 30 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 300 സ്‌ട്രൈക്ക് റേറ്റിലാണ് ഖാന്‍ വിളയാടിയത്.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ലോര്‍കാന്‍ ടക്കര്‍ ആണ്. 34 പന്തില്‍ നിന്ന് രണ്ട് സിക്‌സും 5 ഫോറും ഉള്‍പ്പെടെ 51 റണ്‍സ് നേടി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്.

താരത്തിന് പുറമേ ഹാരി ഹെക്ടര്‍ 28 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയപ്പോള്‍ ഗാരത് ഡിലെനി 10 പന്തില്‍ നിന്ന് 28 റണ്‍സ് നേടി പുറത്താക്കാതെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു.

 

Content Highlight: Fakhar Saman And Mohammad Riswan In Record Achievement