Kerala News
ഡി.ജി.പി അനില്‍കാന്തിന്റെ പേരില്‍ വ്യാജ വാട്സാപ്പ് സന്ദേശം; അധ്യാപികയില്‍ നിന്ന് പതിനാല് ലക്ഷം തട്ടിയെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 05, 06:10 am
Saturday, 5th March 2022, 11:40 am

കൊല്ലം: ഡി.ജി.പി അനില്‍കാന്തിന്റെ പേരില്‍ തട്ടിപ്പ്. വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെയാണ് ഒരു സംഘം തട്ടിപ്പ് നടത്തിയത്. കൊല്ലത്തെ അധ്യാപികയില്‍ നിന്നും പതിനാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞാണ് കൊല്ലം സ്വദേശിക്ക് വാട്സാപ്പില്‍ സന്ദേശം ലഭിച്ചത്.

സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. സംശയം തോന്നിയ പരാതിക്കാരി തിരിച്ചുസന്ദേശമയച്ചു. പിന്നാലെ ഡി.ജി.പിയുടെ ഫോട്ടോ വെച്ചുകൊണ്ടുള്ള ഒരു സന്ദേശമാണ് വന്നത്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നുമായിരുന്നു സന്ദേശം.

ഡി.ജി.പിയുടെതെന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ദല്‍ഹിയിലാണെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. ഡി.ജി.പി ദല്‍ഹിയിലാണെന്ന മറുപടി ലഭിച്ചപ്പോള്‍ വാട്സ്ആപ്പ് സന്ദേശം സത്യമായിരിക്കുമെന്ന് കരുതി പണം അയച്ചുകൊടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Content Highlights: Fake WhatsApp message in the name of DGP Anil Kant; Fourteen lakh was snatched from the teacher