| Monday, 29th April 2019, 9:02 pm

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ പല തവണ വോട്ടു ചെയ്‌തെന്ന് എല്‍.ഡി.എഫ് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂരില്‍ യു.ഡി.എഫിനെതിരെ കള്ളവോട്ട് ആരോപണം. ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് എല്‍.ഡി.എഫ് ആരോപിക്കുന്നു. കല്യാശേരി മണ്ഡലത്തില്‍ മാടായി 69-ാം നമ്പര്‍ ബൂത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ ആഷിക് വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

ആഷിക് പല തവണ വോട്ടു ചെയ്‌തെന്നാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്. ലീഗിന്റെ മറ്റൊരു പ്രവര്‍ത്തകനായ മുഹമ്മദ് ഫായിസ് 70-ാം നമ്പര്‍ ബൂത്തില്‍ രണ്ടു തവണ വോട്ട് ചെയ്‌തെന്നും ആരോപണമുണ്ട്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

അതേസമയം, കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. പിലാത്തറ 19-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞിരുന്നു.

പത്മിനി, സെലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്തെന്ന് ടിക്കാറാം മീണ വാര്‍ത്ത സമ്മേളനത്തിലാണ് പറഞ്ഞത്. പത്മിനി, സെലീന, സുമയ്യ എന്നിവര്‍ രണ്ടു തവണ വോട്ടു ചെയ്തതായി തെളിഞ്ഞെന്നും ഇവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ടിക്കാറാം മീണ പറഞ്ഞിരുന്നു.

‘പഞ്ചായത്ത് അംഗം സെലീനയും മുന്‍ പഞ്ചായത്ത് അംഗം സുമയ്യയും ബൂത്ത് മാറി വോട്ട് ചെയ്തു. പത്മിനി ബൂത്തില്‍ രണ്ട് തവണ വോട്ട് ചെയ്യാനെത്തി’- ടിക്കാറാം മീണ പറഞ്ഞിരുന്നു.

സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണമെന്നും ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു.

വെബ് കാസ്റ്റിംഗ് ഇല്ലായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയില്ലായിരുന്നു എന്നും വെബ് കാസ്റ്റിംഗ് സംവിധാനത്തിന്റെ വിജയമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്നും ടിക്കാറാം മീണ പറഞ്ഞിരുന്നു.

ഫോട്ടോ കടപ്പാട്: ഏഷ്യാനെറ്റ്‌ ന്യൂസ്

Latest Stories

We use cookies to give you the best possible experience. Learn more