തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിനുള്ള വ്യാപകശ്രമമുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം പൊളിയുന്നു.
ഉദുമയില്‍ 5 വോട്ട് ഉണ്ടെന്ന് ചെന്നിത്തല ആരോപിച്ച കുമാരിയുടെ കുടുംബം കോണ്‍ഗ്രസ് അനുഭാവികളെന്ന് ട്വന്റി ഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പെരിയ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കുമാരിയുടെ പേരില്‍ നാല് വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ തന്റെ പേരില്‍ അഞ്ച് വോട്ടുള്ള വിവരം അറിഞ്ഞിട്ടില്ലെന്ന് കുമാരിയുടെ കുടുംബം പറഞ്ഞു. വോട്ട് ചേര്‍ക്കാന്‍ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമെന്നും കുമാരി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആരോപണം കാര്യമറിയാതെയാണെന്നും കുമാരിയുടെ കുടുംബം പ്രതികരിച്ചു.
അതേസമയം ചെന്നിത്തലയുടെ ആരോപണത്തിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് കാര്യങ്ങള്‍ അന്വേഷിച്ചറിയണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് ഭാരവാഹി പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിനുള്ള വ്യാപകശ്രമമെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. 140 മണ്ഡലങ്ങളിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജവോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
‘കഴക്കൂട്ടം മണ്ഡലത്തില്‍ 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തി. കൊല്ലത്ത് 2534, തൃക്കരിപ്പൂരില്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6771, കൂത്തുപറമ്പില്‍ 3525 എന്നിങ്ങനെയാണ് വ്യാജവോട്ടര്‍മാരുടെ എണ്ണം’, ചെന്നിത്തല പറഞ്ഞു.
ഉദുമ മണ്ഡലത്തില്‍ 164ാം നമ്പര്‍ ബൂത്തില്‍ ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടര്‍മാരുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാനതലത്തില്‍ കള്ളവോട്ട് സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരേ പേരും ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേര്‍ത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
‘ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. അട്ടിമറിക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നും സംശയിക്കുന്നു. ഒരേ ആളിന്റെ പേരില്‍ നാലും അഞ്ചും വോട്ട് ചേര്‍ത്തത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്’, അദ്ദേഹം പറഞ്ഞു.
ഈ വോട്ടുകള്‍ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളവോട്ടുകള്‍ കണ്ടെത്തി നീക്കം ചെയ്യണം. ഇവരെ തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കരുത്. എങ്കിലേ സുതാര്യമായ തെരഞ്ഞെടുപ്പ് ഉണ്ടാവൂ. ഡിജിറ്റല്‍ സംവിധാനത്തില്‍ ഇത് വളരെ വേഗം കണ്ടെത്താനാവും- ചെന്നിത്തല പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക