കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറ 19-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
പത്മിനി, സെലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്‌തെന്ന് ടിക്കാറാം മീണ വാര്‍ത്ത സമ്മേളനത്തിലാണ് പറഞ്ഞത്. പത്മിനി, സെലീന, സുമയ്യ എന്നിവര്‍ രണ്ടു തവണ വോട്ടു ചെയ്തതായി തെളിഞ്ഞെന്നും ഇവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ടിക്കാറാം മീണ പറഞ്ഞു.
‘പഞ്ചായത്ത് അംഗം സെലീനയും മുന്‍ പഞ്ചായത്ത് അംഗം സുമയ്യയും ബൂത്ത് മാറി വോട്ട് ചെയ്തു. പത്മിനി ബൂത്തില്‍ രണ്ട് തവണ വോട്ട് ചെയ്യാനെത്തി’- ടിക്കാറാം മീണ പറഞ്ഞു.
സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണമെന്നും ടിക്കാറാം മീണ പറഞ്ഞു. ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
വെബ് കാസ്റ്റിംഗ് ഇല്ലായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയില്ലായിരുന്നു എന്നും വെബ് കാസ്റ്റിംഗ് സംവിധാനത്തിന്റെ വിജയമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട്ടെ പിലാത്തറയിലും എരമംകുറ്റൂരും കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഒരാള്‍ തന്നെ രണ്ടുതവണ വോട്ട് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.
അതേസമയം, കള്ളവോട്ട് നടത്തിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം പച്ചനുണയാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞിരുന്നു. കള്ളവോട്ടെന്ന പേരില്‍ കോണ്‍ഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ ഓപ്പണ്‍ വോട്ടിന്റേതാണെന്നും അവ അടര്‍ത്തിയെടുത്തതാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു.
കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന കള്ളവോട്ട് നടത്തിയെന്ന ആരോപണവും ജയരാജന്‍ തള്ളിയിരുന്നു. സലീന 19-ാം ബൂത്തില്‍ സഹായിയായി പോയതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.