കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോളിംഗ് വേണം; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും മുല്ലപ്പള്ളി
Kerala
കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോളിംഗ് വേണം; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും മുല്ലപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th April 2019, 7:13 pm

 

കണ്ണൂര്‍: കള്ളവോട്ട് നടന്നതും 90 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് നടന്നതുമായ ബൂത്തുകളില്‍ റീപോളിംഗ് വേണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.

മുഖ്യമന്ത്രിയുടെയും പി.ജയരാജന്റെയും പഞ്ചായത്തുകളിലെ എല്ലാ പോളിംഗ് ബൂത്തുകളിലെയും സി.സി.ടി.വി കാമറകള്‍ പരിശോധിക്കണമെന്നും ചില ബൂത്തുകളില്‍ പോളിംഗ് 90 ശതമാനം കടന്നത് കള്ളവോട്ട് നടന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സി.പി.ഐ.എം അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലെയും സി.സി.ടിവി ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുമെന്നും ആ ദൃശ്യങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുമെന്നും കാസര്‍ഗോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കള്ളവോട്ട് ചെയ്യാന്‍ കൂട്ടുനിന്നത് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നെന്നും, കളക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.

അതേസമയം കള്ളവോട്ട് നടത്തിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം പച്ചനുണയാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. കള്ളവോട്ടെന്ന പേരില്‍ കോണ്‍ഗ്രസ് നേരത്തേ പുറത്തുവിട്ട ദൃശ്യങ്ങള്‍ ഓപ്പണ്‍ വോട്ടിന്റേതാണെന്നും അവ അടര്‍ത്തിയെടുത്തതാണെന്നും ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന കള്ളവോട്ട് നടത്തിയെന്ന ആരോപണവും ജയരാജന്‍ തള്ളി. സലീന 19-ാം ബൂത്തില്‍ സഹായിയായി പോയതാണെന്ന് അദ്ദേഹം പറഞ്ഞു.