കണ്ണൂരിലെ കള്ളവോട്ട്: ഒമ്പതു ലീഗുകാര്‍ക്കും ഒരു സി.പി.ഐ.എം പ്രവര്‍ത്തകനുമെതിരെ കേസ്
D' Election 2019
കണ്ണൂരിലെ കള്ളവോട്ട്: ഒമ്പതു ലീഗുകാര്‍ക്കും ഒരു സി.പി.ഐ.എം പ്രവര്‍ത്തകനുമെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2019, 3:05 pm

 

കണ്ണൂര്‍: കള്ളവോട്ട് ചെയ്‌തെന്ന പരാതിയുമായി ബന്ധപ്പെട്ട് ഒമ്പതു മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.ഐ.എം പ്രവര്‍ത്തകനുമെതിരെ കേസ്. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസെടുത്തത്.

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 13 കള്ളവോട്ട് കൂടി നടന്നതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്ഥിരീകരിച്ചു. പാമ്പുരുത്തിയിലും ധര്‍മ്മടത്തും കള്ളവോട്ട് ചെയ്‌തെന്നാണ് സ്ഥിരീകരിച്ചത്.

ധര്‍മ്മടത്ത് കള്ളവോട്ട് ചെയ്തത് സി.പി.ഐ.എം പ്രവര്‍ത്തകരാണ്. പാമ്പുരുത്തിയില്‍ ഒമ്പത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്നും കമ്മീഷന്‍ കണ്ടെത്തി.

പോളിങ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ കണ്ടെത്തി. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയ്ക്കും തെരഞ്ഞെടുപ്പു കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌കൂളില്‍ ഒരുക്കിയ ബൂത്തില്‍ കള്ളവോട്ട് രേഖപ്പെടുത്തുന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് കള്ളവോട്ട് ആരോപണം ശക്തമായത്. 19ാം നമ്പര്‍ ബൂത്തില്‍ ഒരു സ്ത്രീ ഒന്നില്‍ കൂടുതല്‍ തവണ വോട്ടു ചെയ്യാന്‍ വരുന്നതായിരുന്നു ദൃശ്യങ്ങളിലുള്ളത്.

ഇതിനു പിന്നാലെ സി.പി.ഐ.എമ്മും യു.ഡി.എഫിനെതിരെ കള്ളവോട്ട് ആരോപണവുമായി രംഗത്തുവരികയായിരുന്നു.