കെ.കെ. രമയുടെ പേരിലും വ്യാജ വീഡിയോ; പരാതി നല്‍കി എം.എല്‍.എ
Kerala News
കെ.കെ. രമയുടെ പേരിലും വ്യാജ വീഡിയോ; പരാതി നല്‍കി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st April 2024, 10:01 am

വടകര: ഏപ്രില്‍ 17ന് ഉമ തോമസിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിച്ചെന്ന് കാണിച്ച് വടകര എം.എല്‍.എ കെ.കെ. രമ പരാതി നല്‍കി. തന്നെ വ്യക്തിപരമായും രാഷ്ട്രീയമായും അപമാനിക്കാന്‍ വേണ്ടി തയ്യാറാക്കിയ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും വീഡിയോ തയ്യാറാക്കിയവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നടപടി വേണമെന്നും കെ.കെ. രമ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളില്‍ യു.ഡി.എഫിന്റെ നയം വിശദീകരിക്കാനും തങ്ങള്‍ക്കെതിരെയും ഇത്തരം വ്യക്തി അധിക്ഷേപങ്ങള്‍ നടക്കുന്നുണ്ട് എന്ന് പറയാനുമായിരുന്നു ഏപ്രില്‍ 16ന് യു.ഡി.എഫിലെ വനിത എം.എല്‍.എമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

കെ.കെ. ശൈലജക്കെതിരെ മാത്രമല്ല ആര്‍ക്കെതിരെയും നടക്കുന്ന വ്യക്തി അധിക്ഷേപങ്ങളും അംഗീകരിക്കാനാകില്ലെന്നും കെ.കെ രമയും ഉമ തോമസും വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്ത സമ്മേളനത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ മാത്രമെടുത്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ് എന്നാണ് ഇപ്പോള്‍ കെ.കെ രമ പരാതിപ്പെട്ടിട്ടുള്ളത്. ഇത് തന്നെ വ്യക്തിപരമായും രാഷ്ട്രീയമായും അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അവരുടെ പരാതിയില്‍ പറയുന്നു.

അതേ സമയം വടകരയില്‍ തനിക്കെതിരെ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ അല്ല പോസ്റ്ററുകളാണ് പ്രചരിപ്പിച്ചത് എന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ കഴിഞ്ഞ ദിവസം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. തന്റെയും മുഖ്യമന്ത്രിയുടെയും തല മാത്രം വെട്ടിയൊട്ടിച്ച പോസ്റ്ററുകള്‍ പ്രചരിപ്പിച്ചു എന്നാണ് താന്‍ നേരത്തെ പറഞ്ഞതെന്നും കെ.കെ. ശൈലജ പറഞ്ഞു.

റിപ്പോട്ടര്‍ ടി.വിയിലെയും ഒരു സെമിനാറിലെയും തന്റെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണ പരത്തും വിധം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയുമാണുണ്ടായതെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വ്യക്തമാക്കുന്നു. എന്നാല്‍ മോര്‍ഫ് ചെയ്ത വീഡിയോ ഇല്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അവര്‍ ഖേദം പ്രകടിപ്പിക്കണമെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ പറഞ്ഞു.

CONTENT HIGHLIGHTS: Fake video in the name of K.K. Rama; MLA filed a complaint