ന്യൂദല്‍ഹി: ജെയ്‌ഷെ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററില്‍ പിന്തുടരുന്ന അജയ് കുശ്വാഹ എന്നയാളാണ് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഈ വീഡിയോ ആദ്യം ഷെയര്‍ ചെയ്തത്. തിരിച്ചടിച്ച് വീണ്ടും ഇന്ത്യ എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്തത്.
നരേന്ദ്ര മോദിക്ക് കീഴിലുള്ള പുതിയ ഇന്ത്യയാണ് ഇതെന്നും 300 ഓളം തീവ്രവാദികളാണ് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നു ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നിരവധി പേര്‍ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തു.
ഇന്ത്യ ആര്‍ക്കു മുന്നിലും തലകുനിക്കില്ല; രാജ്യം സുരക്ഷിത കരങ്ങളില്‍: വ്യോമാക്രമണത്തെക്കുറിച്ച് മോദി
എന്നാല്‍ ഇതേ വീഡിയോ തന്നെ ഖാലിദ് പി.കെ എന്ന പാക് പൗരനും അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. “ഇന്ത്യക്കെതിരെ പാക് വ്യോമസേനയുടെ ആക്രമണം” എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
പാക് അധീന കാശ്മീരില്‍ കടക്കാനുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ശ്രമം പാക്കിസ്ഥാന്‍ പരാജയപ്പെടുത്തിയെന്നും പാക്കിസ്ഥാന്‍ തിരിച്ചടിച്ചെന്നും പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം പ്രസ്തുത വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇതോടെ വീഡിയോയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തി. പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനത്തില്‍ വ്യോമസേന നടത്തിയ പരേഡിന്റെ വീഡിയോയാണ് ഇതെന്നാണ് സ്യൂല്‍കി മൂണ്‍ എന്ന യൂസര്‍ പറയുന്നത്.
എന്നാല്‍ 2016 സെപ്റ്റംബറില്‍ മുഹമ്മദ് സൊഹൈബ് എന്നയാളാണ് ഈ വീഡിയോ ആദ്യമായി യൂട്യൂബില്‍ അപ് ലോഡ് ചെയ്തതെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക്കിസ്ഥാന്‍ എയര്‍ഫോഴ്‌സ് നൈറ്റ് ഫ്‌ളൈയിങ് എന്നതായിരുന്നു വീഡിയോയുടെ തലക്കെട്ട്. മൂന്ന് വര്‍ഷം പഴക്കമുള്ള ഈ വീഡിയോയാണ് ഇന്ത്യന്‍ സേനയുടേതെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്.
റിപ്പോര്‍ട്ട് കടപ്പാട്: ആള്‍ട്ട് ന്യൂസ്