| Tuesday, 31st May 2022, 11:20 am

ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസ്; പിടിയിലായ അബ്ദുള്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന് മുസ്‌ലിം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസില്‍ പിടിയിലായ അബ്ദുള്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന് മുസ്‌ലിം ലീഗ്.

ലീഗുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് അബ്ദുള്‍ ലത്തീഫ് എന്ന് എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍ പറഞ്ഞു.

ജോ ജോസഫിനെതിരായ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്ത മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് ഇന്നാണ് പൊലീസ് പിടിയിലായത്.

കോയമ്പത്തൂരില്‍ നിന്ന് കൊച്ചി പൊലീസ് പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാജ അക്കൗണ്ടിലൂടെയാണ് അബ്ദുള്‍ ലത്തീഫ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

വ്യാജ വീഡിയോ കേസില്‍ തൃക്കാക്കര സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ വ്യാജ ഐഡിയുണ്ടാക്കിയാണ് ഫേസ്ബുക്കില്‍ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുന്‍ എം.എല്‍.എ എം. സ്വരാജ് നല്‍കിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിപുലമായ പരിശോധന നടത്തിയത്.

ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചെന്ന് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

വീഡിയോയുടെ ഉറവിടം അന്വേഷിക്കാന്‍ പൊലീസ് തയ്യാറാവാണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വ്യാജ ദൃശ്യങ്ങള്‍ കൂടുതല്‍ പേരിലേക്ക് പ്രചരിക്കുന്നത് പൊലീസ് തടഞ്ഞിരുന്നു.

Content Highlights: Fake video case against Joe Joseph, Muslim League has said that the arrested Abdul Latif is not a League activist

We use cookies to give you the best possible experience. Learn more