കൊവിഡില്‍ ശ്വാസം മുട്ടുന്ന ജനങ്ങള്‍ക്ക് വ്യാജ വെന്റിലേറ്ററുകള്‍ നല്‍കി ഗുജറാത്ത് സര്‍ക്കാര്‍
അന്ന കീർത്തി ജോർജ്

ഗുജറാത്ത് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥാപിച്ച ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനി വികസിപ്പിച്ചെടുത്ത, വെന്റിലേറ്ററുകള്‍ യഥാര്‍ത്ഥ വെന്റിലേറ്ററുകളല്ലെന്ന പരാതിയുമായി ആരോഗ്യപ്രവര്‍ത്തകര്‍. സ്വകാര്യ കമ്പനി സൗജന്യമായി നല്‍കിയ വെന്റിലേറ്ററുകള്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അഹമ്മദാബാദിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഗുജറാത്തിന്റെ സ്ഥാനം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും സംസ്ഥാത്തിന്റെ മുഴുവന്‍ ആരോഗ്യമേഖലയും കടുത്ത പ്രതിസന്ധിയിലാണെന്നാണ് പുറത്തുവരുന്ന ഓരോ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. ഒപ്പം ഈ മഹാമാരിക്കാലത്തും ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനില്‍ക്കുകയാണെന്നുമുള്ള വിമര്‍ശനങ്ങളും ശക്തമാകുകയാണ്.

ഏപ്രില്‍ 5നാണ് രാജ്‌കോട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എന്‍.സി എന്ന കമ്പനി 10 ദിവസം കൊണ്ട് കുറഞ്ഞ ചെലവില്‍ വികസിപ്പിച്ചെടുത്ത വെന്റിലേറ്ററുകള്‍ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ സ്ഥാപിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നേരിട്ടെത്തിയായിരുന്നു വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് ഈ വെന്റിലേറ്ററുകള്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലും സ്ഥാപിച്ചിരുന്നു.

‘കൊവിഡ് ബാധിതര്‍ക്കായുള്ള വെന്റിലേറ്ററുകളുടെ ആവശ്യം ഗണ്യമായി ഉയര്‍ന്നതോടെ വെന്റിലേറ്ററുകള്‍ക്ക് വലിയ ക്ഷാമമാണ് ലോകരാഷ്ട്രങ്ങളെല്ലാം നേരിടുന്നത്. ഇപ്പോള്‍ കുറഞ്ഞ ചെലവില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചുക്കൊണ്ട് ഗുജറാത്ത് ലോകത്തിന് വേണ്ടി ഒരു പുതിയ പാത വെട്ടിത്തുറന്നിരിക്കുകയാണ്.’ എന്നായിരുന്നു ഏപ്രില്‍ 4ന് ഗുജറാത്ത് മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഗുജറാത്ത് എന്നീ പദ്ധതികളുടെ വലിയ വിജയമാണ് ഇതെന്നും മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞിരുന്നു. ഇപ്പോള്‍ ഈ പറയുന്ന വെന്റിലേറ്ററുകള്‍ യഥാര്‍ത്ഥ വെന്റിലേറ്ററുകള്‍ പോലുമല്ലെന്ന് തെളിഞ്ഞതോടെ മാധ്യമങ്ങള്‍ സംഭവത്തില്‍ പ്രതികരണത്തിനായി മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിച്ചിരുന്നു. പക്ഷെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

മാത്രമല്ല മുഖ്യമന്ത്രി ഈ യന്ത്രങ്ങളെ ഒരിക്കലും വെന്റിലേറ്ററുകള്‍ എന്നു വിളിച്ചിട്ട് പോലുമില്ലെന്നാണ് ഓഫിസിലെ ജീവനക്കാരന്‍ അഹമ്മദാബാദ് മിററിന്് മറുപടി നല്‍കിയത്. പക്ഷെ മുന്‍പ് പുറത്തുവന്ന എല്ലാ സര്‍ക്കാര്‍ രേഖകളിലും വെന്റിലേറ്ററുകള്‍ എന്ന വാക്ക്് തന്നെയാണ്് ഉപയോഗിച്ചിരിക്കുന്നതെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍ രാജ്‌കോട്ടിലെ സി എന്‍ സി എന്ന കമ്പനി നിര്‍മ്മിച്ചു നല്‍കിയ ദാമന്‍ 1 എന്ന് യന്ത്രം മെക്കനസൈഡ് ആയിട്ടുള്ള AMBU Bag അഥവാ ആര്‍ട്ടിഫിഷ്യല്‍ മാന്വല്‍ ബ്രീതിംഗ് യൂണിറ്റുകള്‍ മാത്രമാണെന്നും ഇതിനെ ഐ.സി.യു രോഗികള്‍ക്കുള്ള വെന്റിലേറ്ററുകളായി ഉപയോഗിക്കാനാവില്ലെന്നുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്. അതുകൊണ്ട് 230 ദാമന്‍ 1 മെഷീനുകളുള്ള അഹമ്മദാബാദ് ആശുപത്രി പോലും പുതിയ വെന്റിലേറ്ററുകള്‍ക്കായി ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടാതെ സംസ്ഥാനത്തെ വിവിധ ആശുപത്രികള്‍ക്കായി 1,500 വെന്റിലേറ്ററുകളും അതില്‍ തന്നെ 300 എണ്ണം അടിയന്തരിമായി എത്തിക്കണമെന്നും ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ദാമന്‍1 ഒരു വെന്റിലേറ്ററല്ലെന്ന കാര്യം സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നാണ് സി എന്‍ സി കമ്പനി ഉടമയായ പരാക്രമംസിന്‍ഹ ജഡേജ അഹമ്മദാബാദ് മിററില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ദാമന്‍ 1 അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ശ്വസന സഹായി മാത്രമാണെന്നും കമ്പനി പറയുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന ദാമന്‍ 3 എല്ലാ സജ്ജീകരണങ്ങളോടും കൂടിയ വെന്റിലേറ്ററായിരിക്കുമെന്നുമാണ് സി.എന്‍.സി കമ്പനിയുടെ പുതിയ വാഗ്ദാനം.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വെന്റിലേറ്ററുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ മാത്രമല്ല, തുടക്കം മുതല്‍ തന്നെ ഗുജറാത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്ത് മോഡല്‍ ആരോഗ്യമേഖലയില്‍ വലിയ പരാജയമാണെന്ന് നിരവധി പേരാണ് ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ദിവസം തന്നെ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 62കാരന്റെ മൃതദേഹം ബസ് സറ്റാന്‍ഡില്‍ കണ്ടെത്തിയത് വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു.

33053 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയേക്കാള്‍ ഉയര്‍ന്ന മരണനിരക്കാണ് 11,379 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്തിലേത്. തുടക്ക ഘട്ടത്തില്‍ തന്നെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറഞ്ഞ തോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ പോലും കൊവിഡ് ബാധിച്ച് നിരവധി പേര്‍ മരിക്കുന്നത് ഗുജറാത്തിന്റെ പൊതുജനാരോഗ്യമേഖലക്കെതിരെ നിരവധി ചോദ്യങ്ങളുയര്‍ത്തിയിരുന്നു.

2018-2019ല്‍ ഗുജറാത്ത് സര്‍ക്കാര്‍ ആരോഗ്യ്-കുടുംബക്ഷേമത്തിനായി നീക്കിവെച്ചത് 10,000 കോടി രൂപയാണ്, മൊത്തം ജി.ഡി.പിയുടെ 0.85 ശതമാനം മാത്രം. അതായത് സംസ്ഥാനത്തിലെ ഒരാളുടെ ആരോഗ്യത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് വെറും 5 രൂപ.

1999-2000 വരെയുള്ള പിരീഡില്‍ ഗുജറാത്ത് 4.39 ശതമാനമാണ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി മാറ്റിവെച്ചതെങ്കില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന 2009-2010 കാലയളവില്‍ ഇത് 0.77 ശതമാനമായി ചുരുങ്ങി. ഇത് വ്യക്തമാക്കുന്നത് ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്ക് വേണ്ടി വിനിയോഗിക്കുന്ന തുകയില്‍ ഗുജറാത്ത് പിന്നോട്ടാണ് നടന്നത് എന്നതാണ്.

നിലവില്‍ ഗുജറാത്തില്‍ ആയിരം പേര്‍ക്ക് 0.33 എന്ന തരത്തിലാണ് ആശുപത്രി കിടക്കകളുടെ അനുപാതം. ഏറ്റവും കുറവ് അനുപാതത്തില്‍ ആശുപത്രി കിടക്കകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. സോഷ്യല്‍ സെക്ടര്‍ സ്പെന്‍ഡിങ്ങില്‍ 17മാത് നില്‍ക്കുന്ന സംസ്ഥാനം കൂടിയാണ് ഗുജറാത്ത്.

മാത്രവുമല്ല പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് ഇവിടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്ന ഒരാള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളതിലും കൂടുതല്‍ തുക കയ്യില്‍ നിന്ന് ചിലവാകുന്നു എന്നാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് ഗുജറാത്തിലെ ഈ ഔട്ട് പോക്കറ്റ് എക്സപന്‍ഡിച്ചര്‍. പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ എണ്ണത്തിലും ഏറെ പിന്നിലാണ് ഗുജറാത്ത്.

ഇത്തരത്തില്‍ പൊതുജനാരോഗ്യരംഗം താറുമാറായി കിടക്കുന്ന ഒരു സംസ്ഥാനത്തില്‍ നിന്നുമാണ് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ പാളിച്ചകളെ കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരമായി ഉയര്‍ന്നുവരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

 

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.