| Saturday, 19th August 2017, 9:48 am

കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റേതെന്ന പേരില്‍ വ്യാജദൃശ്യം പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വ്യാജവീഡിയോ വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം നടത്തിയ പൊലീസുകാരെ സ്ഥലംമാറ്റി.

ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. കൃഷ്ണകുമാര്‍, കരീലക്കുളങ്ങര സ്റ്റേഷനിലെ സി.പി.ഒ. ഷാജഹാന്‍, കായംകുളം സ്റ്റേഷനിലെ ശ്യാം, ജയപ്രകാശ് എന്നിവര്‍ക്കാണ് സ്ഥലംമാറ്റം.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹക് രാജേഷ് പരിക്കേറ്റ് കിടക്കുന്നുവെന്ന രീതിയിലുള്ള വീഡിയോയാണ് വാട്സ്ആപ്പിലൂടെ ഇവര്‍ പ്രചരിച്ചത്.


Dont Miss ‘ഒരു കോടിയുടെ അസാധുനോട്ട് നല്‍കിയാല്‍ 20ലക്ഷത്തിന്റെ പുതിയ നോട്ട്’: കായംകുളത്തുനിന്നും പിടിച്ചെടുത്തത് 10കോടിയുടെ അസാധുനോട്ട്


ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല, ചെങ്ങന്നൂര്‍, തകഴി എന്നിവിടങ്ങളില്‍ ആര്‍.എസ്.എസ്.-സിപിഎം. സംഘര്‍ഷം നടക്കുന്ന സമയത്തായിരുന്നു തിരുവനന്തപുരത്ത് രാജേഷ് കൊല്ലപ്പെട്ടത്.

ഈ അവസരത്തിലാണ് വീഡിയോ ഷെയര്‍ചെയ്യപ്പെട്ടത്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്നായിരിക്കുന്നു അന്വേഷണ സംഘം കണ്ടെത്തിയത്.

ജൂലായ് 30ന് ഈ വ്യാജവീഡിയോ കൈമാറിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഡിജിപി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് പൊലീസുകാര്‍ തന്നെയാണെന്ന് വ്യക്തമായത്.

രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് വരെ കാരണമാകാവുന്ന വ്യാജവീഡിയോയാണ് ഇവര്‍ കൈമാറ്റം ചെയ്‌തെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് എം.എം.അനസ് അലിയാണ് സംഭവത്തെപ്പറ്റി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്.

അന്വേഷണത്തിനു പിന്നാലെ കൃഷ്ണകുമാറിനെ ചെങ്ങന്നൂരിലേക്കും ഷാജഹാനെ കുത്തിയതോട്ടിലേക്കും മാറ്റി. ശ്യാമിനെ ചേര്‍ത്തല ട്രാഫിക്കിലേക്കും ജയപ്രകാശിനെ പൂച്ചാക്കല്‍ സ്റ്റേഷനിലേക്കുമാണ് സ്ഥലം മാറ്റിയിയത്.

We use cookies to give you the best possible experience. Learn more