ന്യൂദല്‍ഹി: നടി കങ്കണ റണൗത്തിനെ മുംബൈയിലേക്ക് സ്വാഗതം ചെയ്ത് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
രാജ് താക്കറെയുടേത് എന്ന നിലയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഈ ട്വീറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഈ സന്ദേശം പ്രചരിക്കുന്നതെന്ന് ഫാക്ട് ചെക്കിംഗ് സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സെപ്റ്റംബര്‍ ഒമ്പതിന് മുംബൈയിലെത്തുന്ന ഹിന്ദുക്കളുടെ അഭിമാനം കങ്കണ റണൗത്തിനെ സ്വാഗതം ചെയ്യുന്നു. സഞ്ജയ് റാവത്ത് നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഒന്ന് തടഞ്ഞുനോക്ക്- ഇതായിരുന്നു ട്വീറ്റിലെ സന്ദേശം.
നിരവധി പേരാണ് ഈ ട്വീറ്റ് ഷെയര്‍ ചെയ്തത്. 1900ലധികം പേരാണ് റീട്വീറ്റ് ചെയ്തത്. കങ്കണയെ പിന്തുണച്ചതിന് നന്ദി പറഞ്ഞുകൊണ്ടും ചിലര്‍ ട്വീറ്റ് ചെയ്തു.
വാര്‍ത്ത വ്യാപകമായതോടെ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ട്വീറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. രാജ് താക്കറെയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് എന്ന നിലയിലാണ് ഈ സന്ദേശം പ്രചരിക്കപ്പെട്ടത്. സെപ്റ്റംബര്‍ നാലിനാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ട്വിറ്ററില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് സെപ്റ്റംബര്‍ മൂന്നിനാണ് രാജ് താക്കറെ ഏറ്റവും അവസാനമായി ട്വീറ്റ് ചെയ്തിരിക്കുന്നത്. അതില്‍ കങ്കണയെപ്പറ്റിയോ ശിവസേന നേതാക്കളെ പറ്റിയോ പരാമര്‍ശങ്ങളില്ല.
രാജ് താക്കറെ ഓഫീസ് എന്ന പേരിലാണ് വ്യാജ ട്വിറ്റര്‍ അക്കൗണ്ട്. ഇത് രാജ് താക്കറെയുടെതല്ലെന്നും കങ്കണയെ പിന്തുണച്ച് യാതൊരു പരാമര്‍ശവും അദ്ദേഹം നടത്തിയിട്ടില്ലെന്നും ബൂംലൈവ് റിപ്പോര്‍ട്ട് ചെയ്തു.
മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്ന് ഉപമിച്ചതിനു പിന്നാലെ കങ്കണയ്ക്ക് നേരേ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളുയരുകയാണ്. ഈ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്.
ശിവസേനയെ നേരിടാന്‍ കങ്കണയെ ആയുധമാക്കിയിരിക്കുകയാണ് ബി.ജെ.പിയെന്ന് ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായിക് പറഞ്ഞിരുന്നു. ദി പ്രിന്റിനോട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബി.ജെ.പിയുടെ പുതിയ ആയുധമാണ് കങ്കണ. ഇതിലൂടെ ശിവസേനയെ രാഷ്ട്രീയപരമായി തറപറ്റിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കങ്കണയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ കൈകാര്യം ചെയ്യുന്നത് ബി.ജെ.പി ഐ.ടി സെല്ലാണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലാക്കാതെ എന്നെ അറസ്റ്റ് ചെയ്യുമെന്ന് കേന്ദ്ര വനിതാ കമ്മീഷന്‍ പറഞ്ഞതില്‍ നിന്ന് തന്നെ വ്യക്തമാണ് ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണെന്ന്- സര്‍നായിക് പറഞ്ഞു.
നേരത്തേ നടി കങ്കണ റണൗത്ത് മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ ശിവസേനാ നേതാക്കള്‍ നടിക്കെതിരെ രംഗത്തു വന്നിരുന്നു.
ഈ സാഹചര്യത്തില്‍ കങ്കണയ്ക്ക് പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിരിക്കുകയാണ് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍. ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് ആണ് ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്.
‘കങ്കണയ്ക്ക് പൊലീസ് സംരക്ഷണം വേണം, സ്വതന്ത്രമായി വെളിപ്പെടുത്തല്‍ നടത്താന്‍ കങ്കണയ്ക്ക് കഴിയണം,’ അനില്‍ വിജ് എ.എന്‍.ഐ യോട് പറഞ്ഞു.
കങ്കണ മുംബൈയില്‍ തിരിച്ചെത്തിയാല്‍ ശിവസേനയുടെ വനിതാ നേതാക്കള്‍ നടിയുടെ മുഖത്തടിക്കുമെന്നും ഇതിന്റെ പേരില്‍ ജയില്‍ പോവാനും തനിക്ക് മടിയില്ലെന്ന് ശിവസേനാ എം.എല്‍.എ പ്രതാപ് സര്‍നായിക് പറഞ്ഞതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: fake twitter account of raj thackeray lends support to kangana-ranaut