ന്യൂദല്‍ഹി: നടി കങ്കണ റണൗത്തിനെ മുംബൈയിലേക്ക് സ്വാഗതം ചെയ്ത് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
രാജ് താക്കറെയുടേത് എന്ന നിലയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഈ ട്വീറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഈ സന്ദേശം പ്രചരിക്കുന്നതെന്ന് ഫാക്ട് ചെക്കിംഗ് സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സെപ്റ്റംബര്‍ ഒമ്പതിന് മുംബൈയിലെത്തുന്ന ഹിന്ദുക്കളുടെ അഭിമാനം കങ്കണ റണൗത്തിനെ സ്വാഗതം ചെയ്യുന്നു. സഞ്ജയ് റാവത്ത് നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഒന്ന് തടഞ്ഞുനോക്ക്- ഇതായിരുന്നു ട്വീറ്റിലെ സന്ദേശം.
നിരവധി പേരാണ് ഈ ട്വീറ്റ് ഷെയര്‍ ചെയ്തത്. 1900ലധികം പേരാണ് റീട്വീറ്റ് ചെയ്തത്. കങ്കണയെ പിന്തുണച്ചതിന് നന്ദി പറഞ്ഞുകൊണ്ടും ചിലര്‍ ട്വീറ്റ് ചെയ്തു.
आगामी 9 तारिख को हिन्दू शेरनी #कंगना_रनौत का महाराष्ट्र की राजधानी मुंबई में भव्य स्वागत किया जायेगा।#संजय_राऊत हिम्मत हैं तो रोक के दिखाना।
— Raj Thackeray (@ThackerayOffic) September 4, 2020
വാര്‍ത്ത വ്യാപകമായതോടെ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ട്വീറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. രാജ് താക്കറെയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് എന്ന നിലയിലാണ് ഈ സന്ദേശം പ്രചരിക്കപ്പെട്ടത്. സെപ്റ്റംബര്‍ നാലിനാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ട്വിറ്ററില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് സെപ്റ്റംബര്‍ മൂന്നിനാണ് രാജ് താക്കറെ ഏറ്റവും അവസാനമായി ട്വീറ്റ് ചെയ്തിരിക്കുന്നത്. അതില്‍ കങ്കണയെപ്പറ്റിയോ ശിവസേന നേതാക്കളെ പറ്റിയോ പരാമര്‍ശങ്ങളില്ല.
രാജ് താക്കറെ ഓഫീസ് എന്ന പേരിലാണ് വ്യാജ ട്വിറ്റര്‍ അക്കൗണ്ട്. ഇത് രാജ് താക്കറെയുടെതല്ലെന്നും കങ്കണയെ പിന്തുണച്ച് യാതൊരു പരാമര്‍ശവും അദ്ദേഹം നടത്തിയിട്ടില്ലെന്നും ബൂംലൈവ് റിപ്പോര്‍ട്ട് ചെയ്തു.
മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്ന് ഉപമിച്ചതിനു പിന്നാലെ കങ്കണയ്ക്ക് നേരേ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളുയരുകയാണ്. ഈ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്.
ശിവസേനയെ നേരിടാന്‍ കങ്കണയെ ആയുധമാക്കിയിരിക്കുകയാണ് ബി.ജെ.പിയെന്ന് ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായിക് പറഞ്ഞിരുന്നു. ദി പ്രിന്റിനോട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.