national news
ടി.ആര്‍.പി തട്ടിപ്പ്: രണ്ട് ടിവി ചാനലുകള്‍ കൂടി പട്ടികയില്‍; കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 22, 02:22 am
Thursday, 22nd October 2020, 7:52 am

മുംബൈ: ടി.ആര്‍.പി തട്ടിപ്പ് കേസില്‍ രണ്ട് ടിവി ചാനലുകകള്‍ കൂടി ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മുംബൈ പൊലീസാണ് ഇക്കാര്യം പുറത്തുവിട്ടത്.

തട്ടിപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നതില്‍ ഒന്ന് ന്യൂസ് ചാനലും മറ്റൊന്ന് വിനോദ ചാനലുമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഈ രണ്ട് ചാനലുകള്‍ കാണുന്നതിനായി വീട്ടുകാര്‍ക്ക് പണം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.

ടി.ആര്‍.പി റാക്കറ്റ് തട്ടിപ്പ് സംബന്ധിച്ച് കേസില്‍ പൊലീസ് പുതിയ വകുപ്പുകള്‍ കൂടി പൊലീസ് ചുമത്തി. ഐ.പി.സി 174, 179, 201, 204 തുടങ്ങിയ വകുപ്പുകളാണ് പുതുതായി ചേര്‍ത്തത്.

നേരത്തെ വിശ്വാസവഞ്ചന(ഐ.പി.സി 409), വഞ്ചന 420, ഐ.പി.സി 120 ബി, 34 എന്നിവയാണ് ചുമത്തിയിരുന്നത്.

അതേസമയം, ടി.ആര്‍.പി റേറ്റിംഗില്‍ റിപബ്ലിക് ടി.വി കൃത്രിമത്വം കാണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ടി.ആര്‍.പി റേറ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലില്‍ (ബാര്‍കോഡ്) രഹസ്യമായി ഇടപെട്ട് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചെന്നാണ് പൊലീസ് പറയുന്നത്.

റിപബ്ലിക് ടി.വി ബോക്‌സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ടി.ആര്‍.പി റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ചാനല്‍ ട്യൂണ്‍ ചെയ്യുന്നതിന് ആളുകള്‍ക്ക് പ്രതിമാസം 400-500 രൂപയാണ് റിപബ്ലിക്ക് ചാനല്‍ നല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു.

ബുധനാഴ്ച റിപബ്ലിക് ടിവി സി.എഫ്.ഒ എസ്. സുന്ദരത്തിന്റെയും എക്സിക്യൂട്ടിവ് എഡിറ്റര്‍ നിരഞ്ജന്‍ നാരായണസ്വാമിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Fake TRP Scam: Names of 2 More TV Channels Crop Up During Probe