| Sunday, 13th December 2020, 10:50 am

വ്യാജ ടി.ആര്‍.പി റേറ്റിംഗ് തട്ടിപ്പ്; റിപ്പബ്ലിക് ചാനല്‍ സി.ഇ.ഒ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ടി.ആര്‍.പി റേറ്റിംഗ് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ റിപ്പബ്ലിക് ടി.വി ചാനല്‍ സി.ഇ.ഒ വികാസ് കഞ്ചന്‍ധാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ അറസ്റ്റിലായ പതിമൂന്നാമത്തെ വ്യക്തിയാണ് വികാസ്.

നേരത്തെ റിപ്പബ്ലിക് ചാനല്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും മഹാരാഷ്ട്ര പൊലീസിനെ വിലക്കണമെന്ന് ചാനല്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഹരജിയില്‍ ഉന്നിയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പോലുമാവില്ലെന്ന് കോടതി പറഞ്ഞതോടെ ഹരജി പിന്‍വലിക്കുകയായിരുന്നു.

ചാനല്‍ റേറ്റിംഗ് തട്ടിപ്പ് കേസില്‍ അര്‍ണാബ് ഗോസ്വാമി 12ാം പ്രതിയാണ്. റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.

റിപ്പബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് പൊലീസ് നടപടി എടുത്തത്.ചാനലുകളുടെ റേറ്റിംഗ് നിശ്ചയിക്കുന്ന ബാര്‍ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടിവി കാണാന്‍ പണം വാഗ്ദാനം ചെയ്തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.

റിപ്പബ്ലിക് ടിവി കാണാന്‍ വേണ്ടി ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ മനസിലായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Fake TRP rating fraud; Republic Channel CEO arrested

We use cookies to give you the best possible experience. Learn more