തിരുവനന്തപുരം: എല്‍.ഡി. എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പങ്കാളിയുടെ മുഖം വെച്ച് വ്യാജ പ്രചരണം. കേന്ദ്ര മന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തുന്ന ഫോട്ടോയാണ് വിവാദമായിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയത് കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക് ആണ്. പ്രതിമയുടെ തല വെട്ടിമാറ്റി ഇ.പി. ജയരാജന്റെ പങ്കാളിയായ ഇന്ദിരയുടെ മുഖം വെച്ചുകൊണ്ടാണ് പ്രചരണം നടക്കുന്നത്.
കണ്ണൂരിലെ ഇ.പി. ജയരാജന്റെ വിവാദ റിസോര്‍ട്ട് വാങ്ങിയത് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയാണെന്നും അദ്ദേഹത്തിന്റെ മകന്‍ രാജീവിന്റെ ബിസിനസ് പാര്‍ട്ണര്‍ ആണെന്നും ഈ ചിത്രം വ്യക്തമാക്കുന്നു എന്ന് ആരോപിച്ചാണ് വ്യാജ പ്രചരണം.
ഇതിനെതിരെ ഇ.പി. ജയരാജന്‍ പ്രതികരണവുമായി രംഗത്തെത്തി. വ്യാജ പ്രചാരണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഇ.പി. ആരോപണം ഉന്നയിച്ചു. തങ്ങളുടെ കുടുബാംഗങ്ങളെ അപമാനിച്ചതിന് ശേഷം വെള്ളക്കുപ്പായം ധരിച്ച് പ്രതിപക്ഷ നേതാവ് മാന്യനായി നടക്കുന്നതില്‍ അടിസ്ഥാനമില്ലെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു.
വി.ഡി. സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും ഇ.പി. ജയരാജന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഉയര്‍ത്തിയ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ വി.ഡി. സതീശന്റെ പക്കല്‍ തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നെന്നും അതിനുപിന്നാലെ വ്യാജ ഫോട്ടോ പ്രചരിക്കാന്‍ തുടങ്ങിയെന്നും ഇ.പി. ജയരാജന്‍ ചൂണ്ടിക്കാട്ടി.
നമ്മുടെ കഷ്ടകാലത്താണ് ഇത്തരത്തിലുള്ള ഒരു പ്രതിപക്ഷ നേതാവ് കേരളത്തില്‍ ഉണ്ടായതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ നിലവാരത്തിലേക്ക് താഴാന്‍ താന്‍ തയ്യാറല്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് തന്റെ പങ്കാളി പരാതി നല്‍കിയിട്ടുണ്ടെന്നും ഇ.പി. ജയരാജന്‍ അറിയിച്ചു.
കോണ്‍ഗ്രസ് മുസ്‌ലിം ലീഗിനെയും അപമാനിക്കുന്നുവെന്നും ഇ.പി. ജയരാജന്‍ ചൂണ്ടിക്കാട്ടി. നിയമസഭയില്‍ 15 സീറ്റുള്ള ലീഗ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് രണ്ട് സീറ്റിലേക്ക് മാത്രമാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
Content Highlight: Fake propaganda with the face of L.D.F Convenor E.P. Jayarajan’s partner