കാന്തപുരത്തിന്റെ പേരില്‍ കോണ്‍ഗ്രസിന് വോട്ടഭ്യാര്‍ത്ഥിച്ച് വ്യാജപ്രചരണം; കേസെടുത്ത് പൊലീസ്‌
Kerala News
കാന്തപുരത്തിന്റെ പേരില്‍ കോണ്‍ഗ്രസിന് വോട്ടഭ്യാര്‍ത്ഥിച്ച് വ്യാജപ്രചരണം; കേസെടുത്ത് പൊലീസ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th April 2024, 2:04 pm

കുന്ദമംഗലം: കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പേരിൽ വ്യാജ പ്രചരണം നടത്തിയതിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് കുന്ദമംഗലം പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അബൂബക്കർ മുസ്‍ലിയാർ കോൺഗ്രസിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു എന്നായിരുന്നു പ്രചരണം. മർക്കസിന്റെ ലെറ്റർ ഹെഡ് വ്യാജമായി നിർമിച്ചാണ് പ്രചരണം നടത്തിയത്.

മർക്കസിന്റെ ലെറ്റർ ഹെഡ് ഉണ്ടാക്കുകയും സീൽ ഉൾപ്പെടെ നിർമിക്കുകയും ചെയ്തു. തുടർന്ന് അതിൽ പ്രത്യേകമായ ഒരു കുറിപ്പ് തയ്യാറാക്കി. എ. പി. അബൂബക്കർ മുസ്‍ലിയാരുടെ അഭ്യർത്ഥന എന്ന തരത്തിലാണ് കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്. ‘പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏത് മുന്നണി ജയിച്ചാലും കേന്ദ്രത്തിൽ ഒരേ നിലപാട് ആയിരിക്കും എന്നുള്ളതുകൊണ്ട് ആരും പ്രത്യേകിച്ച് ജയിക്കണം തോൽക്കണം എന്നതിൽ വാശി പിടിക്കേണ്ടതില്ല. കോൺഗ്രസ് വലിയ ഒറ്റക്കക്ഷി ആവാൻ വേണ്ടി നിലപാടെടുക്കുന്നത് ആയിരിക്കും നല്ലത്’ എന്ന് എ.പി. അബൂബക്കർ മുസ്‍ലിയാർ പറഞ്ഞു എന്ന കുറിപ്പോടുകൂടിയാണ് ലെറ്റർ പാഡ് പ്രചരിപ്പിച്ചത്.

മർക്കസിന്റെ പബ്ലിക് റിലേഷൻ ഓഫീസർ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വാട്സ്ആപ്പ് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത് പ്രചരിപ്പിച്ചത്. ഷാഫി മലബാർ എന്ന പേരുള്ള ഫേസ്ബുക്ക് പേജ് ഉൾപ്പെട പൊലീസ് ഇതിന്റെ ഭാഗമായി പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇത്തരം ഫേസ്ബുക്ക് പേജുകൾ സ്ക്രീൻഷോട്ടുകൾ ശേഖരിക്കുകയും അവ സൈബർ പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

Content Highlight: Fake propaganda in the name of kathapuram Abu Bakr Musliyar