'അപകടം നടന്നത് വെള്ളിയാഴ്ച, സംഭവ സ്ഥലത്തിനടുത്ത് മസ്ജിദ്'; ബാലസോര്‍ ദുരന്തത്തിന് കാരണം മുസ്‌ലിങ്ങളെന്ന് ഹിന്ദുത്വ പ്രചരണം
national news
'അപകടം നടന്നത് വെള്ളിയാഴ്ച, സംഭവ സ്ഥലത്തിനടുത്ത് മസ്ജിദ്'; ബാലസോര്‍ ദുരന്തത്തിന് കാരണം മുസ്‌ലിങ്ങളെന്ന് ഹിന്ദുത്വ പ്രചരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th June 2023, 2:07 pm

ന്യൂദല്‍ഹി: ഒഡീഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ വ്യാജ പ്രചരണം. ട്രെയിന്‍ അപകടത്തിന് പിന്നില്‍ മുസ്‌ലിങ്ങളാണെന്നാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചരണം.

അപകടം നടന്ന സ്ഥലത്തിന്റെ ആകാശ ദൃശ്യത്തില്‍ കാണുന്ന ഒരു കെട്ടിടം മുസ്‌ലിം പള്ളിയാണെന്നും അതുകൊണ്ട് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ് ദുരന്തത്തിന് ഉത്തരവാദികളെന്നുമാണ് പ്രചരണം നടക്കുന്നത്. സംഭവം നടന്നത് വെള്ളിയാഴ്ച ആയത് കൊണ്ട് ‘ഇന്നലെ വെള്ളിയാഴ്ച’ എന്ന ഹാഷ് ടാഗോടെയാണ് ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.

പ്രചരണത്തിന് പിന്നിലെ വസ്തുത

പ്രചരണത്തിന് ഉപയോഗിക്കുന്ന കെട്ടിടം ബഹനങ്കയിലെ ഇസ്‌കോണ്‍ ക്ഷേത്രമാണെന്ന് ദി ക്വിന്റിന്റെ ഫാക്ട് ചെക്കിങ്ങിലൂടെ കണ്ടെത്തി. ഇത് എഡിറ്റ് ചെയ്ത് മസ്ജിദാക്കിയാണ് മുസ്‌ലിങ്ങളാണ് അപകടത്തിന് കാരണമായതെന്ന് ഹുന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്.

അതേസമയം, ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങില്‍ വന്ന മാറ്റമാണ് ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിലേക്ക് നയിച്ചതെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കവച് അഥവാ ട്രെയിന്‍ കൊളീഷന്‍ അവോയ്ഡന്‍സ് സിസ്റ്റത്തിന്റെ (TCAS) അഭാവമല്ല അപകടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

‘പോയിന്റ് മെഷീനും ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങുമാണ് ഇവിടെ പ്രശ്നം.
അപകടത്തിന്റെ കാരണവും ഉത്തരാവാദികളെയും കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേ സേഫ്റ്റി കമ്മീഷണറാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അദ്ദേഹത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്നത് വരെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല,’ മന്ത്രി പറഞ്ഞു.