Fact Check: അച്ഛനെ കാണാതെ കരയുന്ന കന്നി സ്വാമിയുടെ ചിത്രം; എല്ലാം നഷ്ടപ്പെട്ട ഹിന്ദുവെന്ന രീതിയില്‍ കേരളത്തിനെതിരെ വ്യാജപ്രചരണം
Kerala News
Fact Check: അച്ഛനെ കാണാതെ കരയുന്ന കന്നി സ്വാമിയുടെ ചിത്രം; എല്ലാം നഷ്ടപ്പെട്ട ഹിന്ദുവെന്ന രീതിയില്‍ കേരളത്തിനെതിരെ വ്യാജപ്രചരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th December 2023, 10:28 pm

തിരുവനന്തപുരം: കന്നി സ്വാമിയായ കുട്ടിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് കേരളത്തില്‍ ഹിന്ദു വിരുദ്ധത നിലനില്‍ക്കുന്നുവെന്ന് വ്യാജ പ്രചരണം നടത്തി തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍. ശബരിമലയിലെ തിരക്കില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആളുകളെ മാറ്റുന്നതിനിടയില്‍ അച്ഛനെ കാണാതെ കരയുന്ന കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചുകൊണ്ടാണ് തീവ്ര ഹിന്ദുത്വര്‍ വ്യാജ പ്രചാരണം നടത്തുന്നത്.

കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സമൂഹ മാധ്യമങ്ങളായ എക്‌സ്, ഫേസ്ബുക്ക് എന്നിവയിലൂടെ ഇതുസംബന്ധിച്ച് വ്യാജ പ്രചരണം നടത്തുന്നുണ്ട്. യാഥാര്‍ഥ്യത്തില്‍ കുട്ടിയുടെ കരച്ചിലിന് കാരണമായ സാഹചര്യം എന്താണെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ അറവുമാടുകളെ പോലെ കെട്ടി വലിച്ചു ഭക്തരെ വെറും അടിമകള്‍ ആയി കാണുന്ന കേരളത്തിലെ ദേവസ്വം ബോര്‍ഡ് തുലഞ്ഞു പോകട്ടേയെന്നുള്ള എഴുത്തുകളോടൊപ്പമാണ് വ്യാജ പോസ്റ്റുകള്‍ പ്രചരിക്കുന്നത്. അയ്യപ്പ സേവാ സംഘത്തിന്റെയും സേവാ സമാജത്തിന്റെയും ക്ഷേത്ര സംരക്ഷണസമിതിയുടെയും ഹിന്ദു സമുദായത്തിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണസമിതി രൂപീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും വലതുപക്ഷക്കാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

ശബരിമല എന്ന പേര് മാറ്റി വാവര്‍ മല എന്ന് ആക്കിമാറ്റണമെന്ന് ഹൈക്കോടതിയോട് ആരെങ്കിലും ആവശ്യപ്പെടണമെന്നും തുടര്‍ന്ന് അയ്യപ്പന്മാരുടെ ദുരിത യാത്ര കാണേണ്ടി വരുകയില്ലെന്നും ഇതേ വലതുപക്ഷ ചിന്താഗതിക്കാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. കൂടാതെ ശബരിമല തീര്‍ത്ഥാടനത്തെ ഹജ്ജ് തീര്‍ത്ഥാടനവുമായി താരതമ്യപെടുത്തിക്കൊണ്ടുള്ള ചിത്രങ്ങളും തീവ്ര ഹിന്ദുത്വര്‍ വര്‍ഗീയ പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്.

അതേസമയം വ്യാജ പ്രചാരണങ്ങള്‍ക്ക് നേരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സത്യാവസ്ഥ മനസിലാക്കാതെ ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കരുതെന്നും, കാര്യങ്ങള്‍ മനസിലാക്കിയിട്ടും വര്‍ഗീയ പ്രചരണങ്ങള്‍ നടത്താനായി തീവ്ര ഹിന്ദുത്വര്‍ കാത്തിരിക്കുകയാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

വിഷയത്തില്‍ ഇസ്‌ലാം മതത്തെ ബന്ധിപ്പിച്ച് വലതുപക്ഷക്കാര്‍ അവരുടെ ഉള്ളിലെ വിഷം സ്വയം പുറത്തുകാണിക്കുകയാണെന്നും സമൂഹ മാധ്യമത്തില്‍ പ്രതികരണം ഉണ്ടായി. കേരളത്തിലെ ചില പാരലല്‍ ലോകത്തില്‍ നിലവിലെ ചൂടുള്ള വിഷയമായി വ്യാജ ഹിന്ദു വിരുദ്ധ പ്രചരണങ്ങള്‍ മാറിയിരിക്കുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

Content Highlight: Fake propaganda by extreme right wingers against Kerala based on Sabarimala