മുംബൈ: അന്തരിച്ച ഗായിക ലത മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തിന് മുന്നില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനും മാനേജര്‍ പൂജ ദദ്‌ലാനിയും പ്രാര്‍ഥിക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഷാരൂഖ് മുസ്‌ലിങ്ങളുടെ പ്രാര്‍ഥനയായ ദുആ ചെയ്യുമ്പോള്‍ പൂജ കൈകൂപ്പി പ്രാര്‍ഥിക്കുന്നതായി ആണ് ചിത്രത്തിലുണ്ടായിരുന്നത്.
‘വിഭാഗീയതയില്‍ മുങ്ങി നില്‍ക്കുന്ന വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടിയാണ്’ ഈ ചിത്രം എന്നായിരുന്നു സമൂഹ്യമാധ്യമങ്ങളില്‍ നടന്ന ചര്‍ച്ച.
എന്നാലിപ്പോള്‍ നടന്‍ ഷാരൂഖ് ഖാനെതിരെ വ്യാജ പ്രചരണവും അതിന്റെ പേരിലുള്ള സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍.
ഷാരൂഖ് ഖാന്‍ ലത മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തില്‍ തുപ്പി എന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ആദരാഞ്ജലി അര്‍പ്പിച്ചപ്പോള്‍ ലതയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാര്‍ഥിച്ച ശേഷം ഷാരൂഖ് മാസ്ക് മാറ്റി കുനിഞ്ഞുനിന്ന് ആദരവ് പ്രകടിപ്പിച്ചിരുന്നു. ഇതിനെയാണ് ഷാരൂഖ് ഖാന്‍ തുപ്പി എന്ന രീതിയില്‍ വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്.
ഇതിന് പിന്നാലെ ഷാരൂഖിനെതിരെ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. ആക്രമണങ്ങളെ അപലപിച്ച് നിരവധി ആളുകള്‍ രംഗത്തുവന്നു. രാജ്യത്തിന്റെ മതമൈത്രിയെ സൂചിപ്പിക്കുന്ന സന്ദേശം ഷാരൂഖ് പങ്കുവെച്ചത് സംഘപരിവാറിന് രസിക്കാത്തതിനാലാണ് വ്യാജ പ്രചരണം നടത്തുന്നതെന്നാണ് വിമര്‍ശനം.
അതേസമയം, ലത മങ്കേഷ്‌കറുടെ ഭൗതികശരീരം കഴിഞ്ഞ ദിവസം വൈകിട്ടാണ് സംസ്‌കരിച്ചത്. മുംബൈ ശിവാജി പാര്‍ക്കില്‍ വൈകിട്ട് ആറരയോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ലത മങ്കേഷ്‌കറിന്റെ സഹോദരിയും ഗായികയുമായ ആശാ ഭോസെ്‌ലെ, ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങുകളില്‍ നേരിട്ട് പങ്കെടുത്തു.
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ 92ാം വയസിലാണ് ലതാ മങ്കേഷ്‌കര്‍ വിടപറയുന്നത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്‌കറെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ മാറ്റം വന്നതോടെ ഐ.സി.യുവില്‍ നിന്ന് മാറ്റി. എന്നാല്‍ വീണ്ടും ആരോഗ്യനില മോശമായെന്നും വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.
CONTENT HIGHLIGHTS: Fake propaganda and cyber attacks against Shah Rukh Khan from Sangh Parivar centers