തിരുവനന്തപുരം: സി.പി.ഐ.എം മുതിര്‍ന്ന നേതാവും കേരള ഭരണപരിഷ്‌കാര കമ്മീഷണന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തയുമായി യൂട്യൂബ് ചാനല്‍.
വി.എസ് അച്യുതാനന്ദന്‍ അത്യാസന്ന നിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വി.എസിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നുമാണ് വാര്‍ത്ത. എംഫ്‌ളിന്റ് മീഡിയ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലാണ് വീഡിയോ നല്‍കിയിരിക്കുന്നത്.
വാര്‍ത്തക്കെതിരെ വി.എസുമായി ബന്ധപ്പെട്ടവര്‍ രംഗത്തെത്തിയിട്ടും വാര്‍ത്ത പിന്‍വലിക്കാന്‍ എംഫ്‌ളിന്റ് മീഡിയ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം വി.എസ് അച്യുതാനന്ദനെ വീട്ടില്‍ പോയി സന്ദര്‍ശിച്ചവര്‍ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വി.എസിന്റെ പേഴ്‌സണല്‍ സെക്രട്ടറി വാര്‍ത്തക്കെതിരായി ഡി.ജി.പിക്ക് പരാതി നല്‍കുമെന്നാണ് അറിയുന്നത്.
വാര്‍ത്തയ്‌ക്കെതിരെ വി.എസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എ. സുരേഷും രംഗത്തെത്തിയിട്ടുണ്ട്. താന്‍ ഇന്നലെയും വി.എസിനൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും സുരേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.