| Sunday, 22nd March 2020, 5:28 pm

7 ജില്ലകള്‍ പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത തെറ്റ്; നിയന്ത്രണങ്ങല്‍ തുടരുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കാസര്‍കോട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

നേരത്തെ കൊവിഡ്19 ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകള്‍ അടച്ചിടാനാണ് കേന്ദ്രം നിര്‍ദ്ദേശിച്ചത്.

കേരളത്തിന് പുറമെ കൊവിഡ് ബാധയുള്ള സംസ്ഥാനങ്ങളിലെ ജില്ലകളിലും ലോക് ഡൗണ്‍ ഉണ്ട്. ഇതില്‍ അവശ്യസര്‍വീസുകള്‍ എന്താണ് എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ അവശ്യസര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ച 75 ജില്ലകള്‍ അടച്ചിടണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ശനിയാഴ്ച പാട്നയിലെ എയിംസില്‍ മരിച്ച 38 കാരന് കൊവിഡ് 19 വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു.

ഞായറാഴ്ച മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. മാര്‍ച്ച് 21 ന് എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 56 കാരനാണ് മരിച്ചത്.

അതേസമയം രാജ്യത്ത് 370 പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

We use cookies to give you the best possible experience. Learn more