വ്യാജ വാര്‍ത്താ പ്രചാരണം; രജിസ്റ്റര്‍ ചെയ്തത് 32 കേസുകള്‍; അഞ്ച് പേര്‍ അറസ്റ്റില്‍
Heavy Rain
വ്യാജ വാര്‍ത്താ പ്രചാരണം; രജിസ്റ്റര്‍ ചെയ്തത് 32 കേസുകള്‍; അഞ്ച് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 9:40 pm

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 32 ആയി. അഞ്ച് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഒരാളെ ഇന്നലെയും നാല് പേരെ ഇന്നുമായാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ മഞ്ചവിളാകം അമ്പലംവീട് അജയന്‍ ആണ് മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായത്. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളമുണ്ട കട്ടയാട് ചങ്ങാലിക്കാവില്‍ വീട്ടില്‍ വര്‍ക്കിയുടെ മകന്‍ ഷിബു സി.വി, നല്ലൂര്‍നാട് കുന്നമംഗലം ചെഞ്ചട്ടയില്‍ വീട്ടില്‍ ജോണിയുടെ മകന്‍ ജസ്റ്റിന്‍, പുല്‍പ്പള്ളി പൈയ്ക്കത്തു വീട്ടില്‍ ദേവച്ചന്‍ മകന്‍ ബാബു എന്നിവരും അറസ്റ്റിലായി.

ഇന്നലെ തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ രഘുവിനെയാണ് അറസറ്റ് ചെയ്തത്. ദുരിതാശ്വാസ ക്യാമ്പിലുള്ള സ്ത്രീകള്‍ക്കായി അടിവസ്ത്രം വേണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് പൊതു പ്രവര്ത്തകനായ രഘുവിനെ അറസ്റ്റ് ചെയ്തത്. ക്യാമ്പിലെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന തിരുവല്ലാ നഗരസഭാ വനിതാ കൗണ്‍സിലറുടെ പരാതിയിലാണ് അറസ്റ്റ്.

അതേസമയം പോസ്റ്റിന് പിന്നില്‍ ദുരുദ്ദേശപരമായ ഒന്നുമുണ്ടായിരുന്നില്ലെന്നും സ്തീകളുടെ അന്തസിനെ അപമാനിക്കാന്‍ താന്‍ എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും രഘു പ്രതികരിച്ചിരുന്നു.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള അന്വേഷണവും മറ്റു നിയമനടപടികളും ഊര്‍ജ്ജിതപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചിരുന്നു.