പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലെത്തിയത് മുതൽ താരത്തെയും ക്ലബ്ബിനെയും ബന്ധിപ്പിച്ച് പല വാർത്തകളും പുറത്ത് വരുന്നുണ്ട്.
സൗദി ക്ലബ്ബ് റോണോയെ ഉപയോഗിച്ച് ലോകകപ്പ് വേദി സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും താരത്തെ സൗദിയുടെ അംബാസിഡറാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുമൊക്കെയായിരുന്നു പുറത്ത് വന്ന വാർത്തകൾ.
എന്നാൽ ഇത്തരം വാർത്തകളോട് റൊണാൾഡോയോ ക്ലബ്ബോ ഇതുവരേയും സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.
റൊണാൾഡോയുടെ ശമ്പളം ഇരട്ടിയായി അൽ നസർ ഉയർത്തുന്നുണ്ടെന്നും 2030 ലോകകപ്പിന് വേദിയാകാൻ സൗദി സമർപ്പിച്ച ബിഡിനെ അനുകൂലിക്കാനും അതിന് വേണ്ടി പ്രവർത്തിക്കാനുമാണ് മറ്റൊരു 200 മില്യൺ കൂടി പ്രതിഫലത്തിന് പുറമേ അൽ നസർ റൊണോക്ക് നൽകുന്നതെന്നുമായിരുന്നു പുറത്ത് വന്ന വാർത്തകൾ.
എന്നാൽ ഈ വിഷയത്തിൽ തങ്ങളുടെ ഔദ്യോഗിക നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് സൗദി ക്ലബ്ബ് അൽ നസറിപ്പോൾ. സമൂഹ മാധ്യമങ്ങളിലൂടെയാണ് അൽ നസർ വിഷയത്തെ സംബന്ധിച്ച തങ്ങളുടെ പ്രതികരണമറിയിച്ചിരിക്കുന്നത്.
സൗദിയുടെ ലോകകപ്പ് ബിഡ് സമർപ്പണത്തിന് ശേഷമുള്ള കാര്യങ്ങൾക്കായി പ്രവർത്തിക്കാൻ ക്ലബ്ബോ, രാജ്യമോ റൊണാൾഡോയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും, ക്ലബ്ബിന്റെ മെച്ചപ്പെടലിനായി ടീമംഗങ്ങളോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കുന്നതിനും ക്ലബ്ബിനെ മികവിലേക്ക് നയിക്കുന്നതുമാണ് ക്ലബ് ഏൽപ്പിച്ച ചുമതലയെന്നും അൽ നസർ പ്രസ്താവിച്ചു.
കൂടാതെ റൊണാൾഡോയുടെ വിഷയത്തിൽ ക്ലബ്ബുമായി ചേർത്ത് ഒരുപാട് വ്യാജ വാർത്തകൾ പ്രച്ചിരിക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും കൂടി അൽ നസർ ആവശ്യപ്പെട്ടു.
എന്നാൽ ക്ലബ്ബിൽ പ്രവേശിച്ചെങ്കിലും റൊണാൾഡോ ഇത് വരെ മത്സരിക്കാനിറങ്ങിയിട്ടില്ല. ജനുവരി 19ന് പി. എസ്.ജിയുമായി നടക്കുന്ന സന്നാഹ മത്സരത്തിലായിരിക്കും റൊണാൾഡോ കളിക്കാനിറങ്ങുക എന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോട്ടുകൾ.
അതേസമയം സൗദിക്കൊപ്പം റൊണാൾഡോയുടെ രാജ്യമായ പോർച്ചുഗലും ലോകകപ്പ് വേദിക്കായി ബിഡ് സമർപ്പിച്ചു എന്ന റിപ്പോട്ടുകൾ പുറത്ത് വന്നിരുന്നു.
Content Highlights:Fake news spread using Ronaldo’s name; Al Nassr officially responded