| Tuesday, 5th March 2019, 9:23 am

ബായാറിലെ കരിം മുസ്‌ല്യാരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് സി.പി.ഐ.എമ്മില്‍ ചേര്‍ന്നതെന്ന പ്രചരണം വ്യാജം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേശ്വരം: ബായാറില്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നവര്‍ കരിം മുസ്‌ല്യാരെ ആക്രമിച്ച കേസില്‍ പ്രതികളാണെന്ന പ്രചരണം വ്യാജമെന്ന് സി.പി.ഐ.എം. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലിനിടെ ആര്‍.എസ്.എസിന്റെ അക്രമത്തിന് ഇരയായ ബായാര്‍ സ്വദേശി കരിം മുസ്ല്യാരെ അക്രമിച്ചകേസിലെ പ്രതികളാണെന്ന പ്രചരണമാണ് സി.പി.ഐ.എം നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കരിം മുസ്‌ല്യാരെ ആക്രമിച്ച സംഭവത്തില്‍ ഇടപെടാനോ കാര്യമായി ഒന്നും ചെയ്യാനോ കഴിയാത്ത മുസ്‌ലിം ലീഗുകാരുടെ വ്യാജ പ്രചരണമാണിതെന്നും തങ്ങളുടെ വീഴ്ച്ച മറച്ചു വെക്കാനാണ് ഇത്തരത്തിലൊരു നുണയുമായി ഇപ്പോള്‍ രംഗത്തെത്തയിരിക്കുന്നതെന്നും സി.പി.ഐ.എം നേതാവ് വി.പി.പി മുസ്തഫ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Read Also : മലപ്പുറത്ത് സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു; നില ഗുരുതരം

കരിംമുസ്‌ല്യാരെ ആക്രമിച്ച കേസിലെ പ്രതികളായ ഒരാള്‍ പോലും രാജിവെച്ചു വന്നവരില്‍ ഇല്ലെന്നും ഹര്‍ത്താലിന്റെ മറവിലടക്കം ആര്‍.എസ്.എസ് ചെയ്തു കൂട്ടിയ അക്രമത്തില്‍ പ്രതിഷേധിച്ചും വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ചുമാണ് അവര്‍ പാര്‍ട്ടിയിലേക്ക് കടന്നുവന്നതെന്നും അടുത്ത കാലത്തായി മഞ്ചേശ്വരം ഭാഗത്ത് വലിയ തോതില്‍ പാര്‍ട്ടിയിലേക്ക് ലീഗില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും ആളുകള്‍ വരുന്നുണ്ടെന്നും മുസ്തഫ പറഞ്ഞു.

രാജിവെച്ചു വന്നവര്‍ ഒരു പെറ്റിക്കേസില്‍ പോലും പ്രതികളല്ലെന്നും സ്വീകരണ പരിപാടിക്ക് മുഴുവന്‍ പണവും തന്നത് കരിം മുസ്‌ല്യാരുടെ ഭാര്യാ പിതാവാണെന്നും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അബ്ദുല്‍ ഹാരിസ് പൈവളിഗ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ബായാര്‍ പ്രദേശം എന്നത് ഹിന്ദു മുസ്‌ലിം ഐക്യമുണ്ടായിരുന്ന പ്രദേശമായിരുന്നെന്നും എന്നാല്‍ സംഘപരിവാറിന്റെ ഹര്‍ത്താലിന് ശേഷം സമാധാന പ്രശനം ഉടലെടുത്തെന്നും ഇതില്‍ അക്രമങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധമുണ്ടെന്നും ഹാരിസ് പറഞ്ഞു.

ബായാറിലെ ബി.ജെ.പി പ്രവര്‍ത്തകരായ ആറോളം പേരാണ് കഴിഞ്ഞ ദിവസം രാജി വെച്ച് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നത്. ഇവരെ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗ വി.പി.പി മുസ്തഫയുടെ നേതൃത്വത്തിലായിരുന്നു സ്വീകരിച്ചത്. എന്നാല്‍ ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നവര്‍ കരിംമുസ്‌ല്യാരെ അക്രമിച്ച കേസില്‍ പ്രതികളാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രചരണം നടത്തുകയായിരുന്നു.

അമ്പതോളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഹര്‍ത്താല്‍ ദിവസം കരിം മുസ്ല്യാരെ അക്രമിച്ചത്. ആക്രമണത്തില്‍ തലക്കും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ കരീം മുസ്ല്യാര്‍ കുറേനാള്‍ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. അടിയേറ്റ ബോധരഹിതനായ കരിം മുസ്ല്യാര്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് കണ്ണ് തുറന്നത്.

ബായാര്‍ പള്ളിയിലെ ഇമാമായ കരീം മുസ്‌ല്യാര്‍ ബൈക്കില്‍ സഞ്ചരിക്കവേയാണ് ആര്‍.എസ്.എസുകാര്‍ അക്രമിച്ചത്. തുടര്‍ന്ന് ഇരുമ്പു ദണ്ടുകളും വടികളും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ബോധരഹിതനായതോടെയാണ് അക്രമിസംഘം പിന്‍വാങ്ങിയത്. ഏറെ നേരം റോഡില്‍ കിടന്ന മുസ്ല്യാരെ നാട്ടുകാര്‍ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.

We use cookies to give you the best possible experience. Learn more