തിരുവനന്തപുരം: റമദാന്‍ മാസത്തില്‍ ക്രിമിനലുകളായ നിരവധി യാചകര്‍ ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം. റമസാനോടനുബന്ധിച്ചാണ് ഇത്തരത്തില്‍ യാചകര്‍ വന്‍തോതില്‍ കേരളത്തിലേക്കെത്തുന്നതെന്നാണു കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ പേരിലുള്ള അറിയിപ്പായി പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും തെറ്റായ സന്ദേശമാണു പ്രചരിക്കുന്നതെന്നും കൊല്ലം ഈസ്റ്റ് എസ്ഐ പറഞ്ഞു. വ്യാജസന്ദേശങ്ങളില്‍ കുടുങ്ങരുതെന്നും പൊലീസിന്റെ മുന്നറിയിപ്പുണ്ട്.
വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമാണ് ഈ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത.് വ്യാജ സന്ദേശത്തെക്കുറിച്ചുള്ള വിവരം ഈസ്റ്റ്‌പൊലീസ് സ്റ്റേഷന്‍ സി.ഐ പൊലീസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ട്. സന്ദേശം തെറ്റാണെന്ന് പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ രാജശേഖരനും വ്യക്തമാക്കി. ഡി.ജി.പിക്ക് വിവരം കൈമാറിയിട്ടുണ്ട്. ഡി.ജി.പിയുടെ നിര്‍ദേശം അനുസരിച്ച് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഒരാഴ്ച മുന്‍പാണ് കേരള പൊലീസിന്റെ ലെറ്റര്‍ ഹെഡിലെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയത്. ഒരാഴ്ചയ്ക്കിടെ കേരളത്തിന്റെ വിവിധ ജില്ലകളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഒരു ലക്ഷത്തോളം ഇതര സംസ്ഥാനക്കാര്‍ എത്തിയിട്ടുണ്ടെന്നും കവര്‍ച്ച നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വ്യാജ ഒപ്പും സീലും സന്ദേശത്തിലുണ്ട്. സന്ദേശം വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്നാണു പൊലീസിന്റെ ഇടപെടല്‍.
“ഇവരുടെ ഒഴുക്ക് കൂടാനുള്ള കാരണം പൊലീസ് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്, റമദാന്‍ മാസത്തില്‍ യാചിക്കാനും റമദാന്‍ നോമ്പെടുത്തു അവശരായവരെ കീഴ്‌പ്പെടുത്തി കവര്‍ച്ച നടത്താനുമാണെന്നാണ്” എന്നാണ് വ്യാജ അറിയിപ്പിലുളളത്. യാചകരെ അകറ്റുക, വീടും പരിസരവും സുരക്ഷിതമാക്കുക എന്നും നോട്ടീസിലുണ്ട്.