| Tuesday, 7th April 2020, 12:44 pm

'കൊവിഡ് 19 വാര്‍ത്തകളും വിവരങ്ങളും ഷെയര്‍ ചെയ്യാനുള്ള അവകാശം സര്‍ക്കാറിന് മാത്രം, രാജ്യത്തെ പൗരന്മാര്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുത്'; സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വ്യാജസന്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 മായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും ഷെയര്‍ ചെയ്യാനുള്ള അവകാശം സര്‍ക്കാറിന് മാത്രമാണെന്നും രാജ്യത്തെ പൗരന്മാര്‍ കൊവിഡ് സംബന്ധിച്ച വാര്‍ത്തകളോ വിവരങ്ങളോ ഷെയര്‍ ചെയ്യരുതെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാജസന്ദേശം പ്രചരിക്കുന്നു.

രാജ്യത്ത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് നടപ്പാക്കാന്‍ പോവുകയാണെന്നും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കൊവിഡ് 19 നെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ സര്‍ക്കാറിന് മാത്രമേ അധികാരമുള്ളുവെന്നും രാജ്യത്തെ ഒരു പൗരനും കൊവിഡ് സംബന്ധിച്ച വിവരങ്ങള്‍ പോസ്റ്റ് ചെയ്യാനോ പങ്കുവെക്കാനോ പാടുള്ളതല്ല എന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇങ്ങനെ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും സന്ദേശത്തില്‍ പറയുന്നു. വാട്‌സ് ആപ്പില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഈ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഈ സന്ദേശം ഗ്രൂപ്പുകളിലേക്ക് എത്തിക്കണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

കൊവിഡ് സംബന്ധിച്ച വാര്‍ത്തകള്‍ അച്ചടിക്കുന്നതില്‍ നിന്നും പ്രസിദ്ധികരിക്കുന്നതില്‍ നിന്നും സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നേരത്തെ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം തേടിയിരുന്നു. എന്നാല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും സുപ്രീംകോടതി മാധ്യങ്ങളെ ഇതുവരെ വിലക്കിയിട്ടില്ല. ഔദ്യോഗികമായി സ്ഥിരീകരിച്ച വാര്‍ത്ത നല്‍കണമെന്നുമാത്രമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് സംബന്ധിച്ച് ലൈവ് ലോ നല്‍കിയ വാര്‍ത്തയുടെ ലിങ്ക് സഹിതമാണ് വാട്‌സ് ആപ്പില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് തങ്ങളുടെ വാര്‍ത്തയുടെ ലിങ്ക് ഉപയോഗിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശം തെറ്റാണെന്ന് പറഞ്ഞുകൊണ്ട് ലൈവ് ലോ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആ വ്യാജ സന്ദേശം പങ്കുവെക്കരുതെന്നും ലൈവ് ലോ ആവശ്യപ്പെട്ടു.

വാര്‍ത്തകളും വിവരങ്ങളും ഷെയര്‍ ചെയ്യുന്നതിന് ഇത്തരത്തില്‍ ഉള്ള വിലക്കുകളൊന്നും തന്നെയില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി.

കൊവിഡിന്റെ പേരില്‍ വ്യാജ വിവരങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചവര്‍ക്കെതിരെ നേരത്തെ പൊലീസ് നടപടികള്‍ ഉണ്ടായിട്ടുണ്ട്.

We use cookies to give you the best possible experience. Learn more