| Tuesday, 20th June 2023, 6:42 pm

വ്യാജ വാര്‍ത്തകള്‍ വേരോടെ പിഴുതെറിയണം; ഉറവിടം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ അതിരുകടക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വാര്‍ത്തകളുടെ ഉറവിടവും അതിന് പിന്നിലുള്ള ആളുകളെയും കണ്ടെത്തണമെന്ന് സിദ്ധരാമയ്യ തന്റെ ഓഫീസ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. ഇത് സംബന്ധിച്ച് സിദ്ധരാമയ്യ ആഭ്യന്തര മന്ത്രി ജി.പരമേശ്വറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സിദ്ധരാമയ്യയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.

‘2013ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന സമയത്തും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തവണയും അതേ തന്ത്രമാണ് രാഷ്ട്രീയ എതിരാളികള്‍ സ്വീകരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂടുതല്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും സമൂഹത്തില്‍ അശാന്തി സൃഷ്ടിക്കുകാന്‍ ശ്രമിക്കുകയും ചെയ്യുന്നു,’ പ്രസ്താവനയില്‍ പറയുന്നു.

വ്യാജവാര്‍ത്തകളുടെ ഉറവിടങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി അവ വേരോടെ പിഴുതെറിയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

‘നേരത്തെ കുട്ടികളായ മോഷ്ടാക്കളെ കുറിച്ചും ഗോമാംസം കൈമാറ്റം ചെയ്യുന്നവരെ കുറിച്ചും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ബി.ജെ.പിയെയും സംഘപരിവാറിനെയും തള്ളിക്കളഞ്ഞു.

രാജ്യത്ത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് ഞങ്ങള്‍. എന്നാല്‍ വ്യാജവാര്‍ത്തകളിലൂടെയും കിംവദന്തികളിലൂടെയും ആള്‍ക്കൂട്ട ആക്രമണങ്ങളും കലാപങ്ങളും ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

അതുകൊണ്ട് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്,’ അദ്ദേഹം പറഞ്ഞു.

വസ്തുതാ പരിശോധന പുനരാരംഭിക്കണമെന്നും വ്യാജവാര്‍ത്തകളുടെ ഉറവിടങ്ങള്‍ കണ്ടെത്താന്‍ സൈബര്‍ പോലീസ് രാപ്പകല്‍ പ്രവര്‍ത്തിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇത് സംബന്ധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനും വസ്തുതാ പരിശോധനയ്ക്കും മുന്നറിയിപ്പ് നല്‍കുന്നതിനും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റിലെയും പോലീസ് ആസ്ഥാനത്തെയും ടെക്‌നിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അത് ഇല്ലാതാക്കി.

CONTENT HIGHLIGHTS: Fake news must be rooted out; Siddaramaiah instructed the officials to find the source

We use cookies to give you the best possible experience. Learn more