ന്യൂദല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വ്യാജ ചിത്രം ഉപയോഗിച്ച വ്യാജപ്രചരണം നടത്തിയ പാക് സായുധ സേനയുടെ ട്വിറ്റര്‍ ഫേസ്ബുക് അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തു. ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുടെ ചിത്രം ഉപയോഗിച്ച് നിരന്തരം വ്യാജപ്രചരണം നടത്തിയതിനെത്തുടര്‍ന്നാണ് പാക് സൈന്യത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പൂട്ടിയത്.
ദല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി കവല്‍പ്രീത് കൗറിന്റെ ചിത്രമായിരുന്നു പാകിസ്താന്‍ സായുധസേനയുടെ പേരിലുള്ള ട്വിറ്റര്‍ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചിരുന്നത്. രാജ്യത്ത് നടക്കുന്ന ആക്രമണത്തിനെതിരെയുള്ള സന്ദേശങ്ങള്‍ ഉയര്‍ത്തുന്ന പ്ലക്കാര്‍ഡ് പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു അക്കൗണ്ടിലൂടെ പ്രചരിച്ചിരുന്നത്.
പാകിസ്താന്‍ ഡിഫന്‍സ് എന്ന ട്വിറ്ററിലെ വെരിഫൈഡ് പേജില്‍ കവല്‍പ്രീത് കൗറിന്റെ കൈയില്‍ ഇന്ത്യാ വിരുദ്ധ പ്ലക്കാര്‍ഡ് മോര്‍ഫ് ചെയ്ത് ചേര്‍ത്ത് ചിത്രം ട്വീറ്റ് ചെയ്യുകയായിരുന്നു. കുല്‍ഭൂഷണ്‍ ജാദവിനെക്കുറിച്ചുള്ള വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് അക്കൗണ്ടുകള്‍ക്കെതിരായ നടപടി.
മോര്‍ഫ് ചിത്രം ശ്രദ്ധയില്‍പ്പെട്ട കൗര്‍ തന്നെ ട്വിറ്ററിലൂടെ രംഗത്തെത്തുകയായിരുന്നു. “താന്‍ ഇത് പാക് പ്രതിരോധത്തിന്റെ ഒഫീഷ്യല്‍ പേജാണെന്ന് കരുതുന്നില്ലെന്നും അല്ലാത്തപക്ഷം രാജ്യത്തിനെതിരെ വിദ്വേഷ പ്രചരണത്തിനായി ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും” കവല്‍പ്രീത് കൗര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
പേജിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. പാക് സൈന്യത്തിന്റെ ഔദ്യോഗിക അക്കൗണ്ടല്ലെങ്കിലും പാക് സൈനികര്‍ അംഗങ്ങളായിട്ടുള്ള സൈനിക ഫോറത്തിന്റെതാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദ്യാര്‍ത്ഥി പ്രവര്‍ത്തകയായ കവല്‍പ്രീത് കൗര്‍ ജൂണ്‍ 27നാണ് ആള്‍ക്കൂട്ട ആക്രമണത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ദല്‍ഹി ജുമാമസ്ജിദിന് മുന്നില്‍ നിന്ന് പ്ലക്കാര്‍ഡേന്തിയ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഇത് മോര്‍ഫ് ചെയ്തുപയോഗിച്ചാണ് വിദ്വേഷപ്രചരണം നടത്തിയിരുന്നത്.