കോയമ്പത്തൂര്‍: മലയാളി ക്യാമറാമാനെയും സംഘത്തെയും തീവ്രവാദികളെന്നു തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം. തമിഴ്‌നാട് മരുതമലൈയില്‍ വിവാഹ ഷൂട്ടിനുപോയ സംഘത്തിനു നേരെയാണ് വ്യാജപ്രചാരണം നടക്കുന്നത്.
വെള്ളേപ്പം എന്ന ചിത്രത്തില്‍ ഛായാഗ്രഹകനായ ഷിഹാബ് ഓങ്ങല്ലൂരിന്റെയും ഷിഹാബിനൊപ്പമുണ്ടായിരുന്ന ഷംനാദിന്റെയും ഫോട്ടോ സഹിതമാണ് വ്യാജപ്രചാരണം നടക്കുന്നത്.
വ്യാജപ്രചാരണത്തിനെതിരെ സൈബര്‍സെല്ലില്‍ പരാതി നല്‍കാനാണ് ഷിഹാബിന്റെ തീരുമാനം.
തമിഴ്‌നാട് സ്വദേശി എസ്. ശ്രീനിവാസ രാഘവന്‍ എന്നയാള്‍ ‘മോദി രാജ്യം’ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഷിഹാബിന്റെയും സംഘത്തിന്റെയും ഫോട്ടോ സഹിതം പോസ്റ്റ് ചെയ്യുകയായിരുന്നു.
ഒരു വാഹനം സ്ഥലത്ത് കറങ്ങുന്നതായി കാണുന്നുവെന്നും അവര്‍ ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവരാണെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. പോസ്റ്റിന് താഴെ ഷിഹാബും സംഘവും തീവ്രവാദികളാണെന്ന തരത്തിലുള്ള കമന്റുകളുമുണ്ട്.