| Thursday, 15th August 2019, 12:10 pm

വ്യാജവാര്‍ത്ത; ജന്മഭൂമിയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് അധ്യാപികയും കുഞ്ഞനന്തന്റെ മകളുമായ ശബ്‌ന മനോഹര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സംഘപരിവാര്‍ മുഖപത്രമായ ജന്മഭൂമി ഓണ്‍ലൈന് വക്കീല്‍ നോട്ടീസ് അയച്ച് അധ്യാപികയും കുഞ്ഞനന്തന്റെ മകളുമായ ശബ്‌ന മനോഹര്‍.

പ്രളയബാധിതര്‍ക്ക് സഹായം നല്‍കരുതെന്ന രീതിയില്‍ സംഘപരിവാര്‍ വാട്സ് ഗ്രൂപ്പുകളില്‍ നടന്ന ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തായതിന് പിന്നാലെ സ്‌ക്രീന്‍ഷോട്ടുകള്‍ താന്‍ നിര്‍മ്മിച്ചതാണെന്ന് വാര്‍ത്ത നല്‍കിയതിനാണ് ജന്മഭൂമിക്കെതിരെ അധ്യാപിക വക്കീല്‍ നോട്ടീസ് അയച്ചത്.

ജന്‍മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ തന്റെ ഫോട്ടോ അടക്കം ദുരുപയോഗം ചെയ്തതായി അധ്യാപിക ആരോപിക്കുന്നു.

” വ്യാജ വാട്‌സ്ആപ്പ് സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മ്മിച്ചത് കൊലയാളി കുഞ്ഞനന്തന്റെ മകള്‍; പ്രളയത്തിലെ സര്‍ക്കാര്‍ പരാജയം മറച്ചുവെക്കാന്‍ നുണ പ്രചരണവുമായി സി.പി.എം” എന്ന തലക്കെട്ടില്‍ ആഗസ്റ്റ് 11 ാം തിയതിയായിരുന്നു ജന്മഭൂമി ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയത്.

തനിക്കെതിരായ വ്യാജ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് അപേക്ഷിച്ചില്ലെങ്കില്‍ 10 ലക്ഷം രൂപക്ക് മാനനഷ്ടക്കേസ് കൊടുമെന്നാണ് അഡ്വ. കെ വിശ്വന്‍ മുഖാന്തിരം അയച്ച വക്കീല്‍ നോട്ടീസില്‍ ഷബ്‌ന പറയുന്നത്.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് തുരങ്കം വെയ്ക്കുന്ന സംഘപരിവാറിന്റെ രഹസ്യഗ്രൂപ്പിലെ ചര്‍ച്ച പുറത്തായതിന്റെ ക്ഷീണം തീര്‍ക്കാന്‍ തനിക്കെതിരെ ജന്മഭൂമി വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.

ആഗസ്റ്റ് 11 ന് സംഘപരിവാറിന്റെ വാട്ട്സ്അപ്പ് ഗ്രൂപ്പ് ആയ ‘സുദര്‍ശന’ത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രളയബാധിതരെ യാതൊരു കാരണവശാലും സഹായിക്കരുതെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസപെടുത്തണമെന്നുമുള്ള രീതിയില്‍ ചര്‍ച്ചകള്‍ നടന്നത്. ഇതിന് പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

എന്നാല്‍ ഈ സ്‌ക്രീന്‍ഷോട്ടുകള്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശിനിയായ അധ്യാപിക ഷബ്ന മനോഹരന്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നായിരുന്നു ജന്‍മഭൂമി ഓണ്‍ലൈന്‍ പ്രസിദ്ധപ്പെടുത്തിയ വാര്‍ത്ത.

ശബ്‌ന മനോഹര്‍ വ്യാജമായി ഉണ്ടാക്കിയ സ്‌ക്രീന്‍ ഷോട്ടുകള്‍ വിവിധ സി.പി.ഐ.എം അനുകൂല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നും തുടര്‍ന്ന് ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നുവെന്നുമാണ് വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.

ഈ വാര്‍ത്തക്കെതിരെയാണ് അധ്യാപികയായ ശബ്ന ജന്മഭൂമിക്ക് വക്കീല്‍ നോട്ടീസ് അയച്ചത്.

We use cookies to give you the best possible experience. Learn more